സൗദി സാധാരണ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിന്റെ അടയാളമായി നിരവധി നടപടികള്‍

By : Mujeeb Kalathil

സൗദി അറേബ്യ : . സൗദിയില്‍ വാക്‌സിന്‍ വിതരണം ഏറെ പുരോഗമിച്ച സാഹചര്യത്തിലാണ് പുതിയ നടപടികള്‍. ഓഗസ്റ്റ് ഒമ്പതു മുതല്‍ വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ ബുക്കിംഗ് നടപടികള്‍ക്ക് കഴിഞ്ഞ ഞായറാഴ്ച മുതല്‍ തുടക്കമായിട്ടുണ്ട്. നാളെ മുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനും വാക്‌സിന്‍ സ്വീകരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി. രാജ്യത്തെങ്ങുമായി പ്രവര്‍ത്തിക്കുന്ന 600 ഓളം വാക്‌സിന്‍ സെന്ററുകള്‍ വഴി ശനിയാഴ്ച ഉച്ച വരെ 2.66 കോടിയിലേറെ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി 12 മുതല്‍ 17 വരെ വയസ് പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ വിതരണം ഊര്‍ജിതമായി തുടരുകയാണ്. കൊറോണ ചികിത്സയും വാക്‌സിനും സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം സൗജന്യമായാണ് നല്‍കുന്നത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിലുള്ള സൗദി അറേബ്യയുടെ ആത്മവിശ്വാസത്തിന് സ്ഥിരീകരണമായി വാക്‌സിന്‍ സ്വീകരിച്ച വിദേശ ടൂറിസ്റ്റുകളെ നാളെ മുതല്‍ രാജ്യത്ത് സ്വീകരിച്ചു തുടങ്ങും.