ഷാരോൺ വധക്കേസ്;പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഴിഞ്ഞ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ഗ്രീഷ്മ. ഒക്ടോബര്‍ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ആണ്‍സുഹൃത്തായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോണ്‍ ഒടുവില്‍ ഒക്ടോബര്‍ 25ന് മരണപ്പെടുകയായിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരും കേസില്‍ പ്രതിയാണ്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചെന്ന പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തത്.സഹതടവുകാരുടെ പരാതിയെത്തുടര്‍ന്ന് ഗ്രീഷ്മയെ ജയില്‍ മാറ്റിയിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്പെഷ്യല്‍ ജയിലിലേക്കാണ് മാറ്റിയത്. ഗ്രീഷ്മയുള്‍പ്പടെ രണ്ട് തടവുകാരെയാണ് ജയില്‍ മാറ്റിയത്.