ദുബായ് : പുണ്യ റമദാൻ മാസത്തിന് മുന്നോടിയായി യുഎഇയിലെ കുടുംബങ്ങൾക്ക് ഒരു കോടി ആളുകൾക്ക് ഭക്ഷണവുമായി ക്യാംപെയിനു തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബ്ൻ റാഷിദ് അൽ മക്തൂമാണ് ഈ സാമൂഹിക സേവന പദ്ധതി പ്രഖ്യാപിച്ചത്.ലോകം ഏറ്റവും വലിയ ആഘാത ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ മനുഷ്യരെ ഊട്ടുക എന്നുള്ളതു സാമൂഹികവും മാനുഷികവുമായ പുണ്യ പ്രവൃത്തിയാണ്. വ്രതമാസം പടിവാതിൽക്കലെത്തിയ സന്ദർഭത്തിൽ അതിനു പ്രസക്തിയേറുന്നു. സമൂഹത്തിന്റെ ശ്രദ്ധയിൽ വരാത്തതിനാൽ കഷ്ടതയും പട്ടിണിയും രോഗപീഡയും അനുഭവിക്കുന്ന ഒരാളും യുഎഇയിൽ ഉണ്ടാകാൻ പാടില്ല -ഷെയഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഷെയ്ഖ് മുഹമ്മദിന്റെ പത്നി ഷെയ്ഖ ഹിന്ദ് ബിൻത് മകതും ബ്ൻ ജുമ ആലു മക്തൂമായിരിക്കും ഈ സവിശേഷ ക്യാംപെയിന്റെ മേൽനോട്ടം വഹിക്കുക. അവശതയനുഭവിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഈ പദ്ധതിയിലൂടെ ഭക്ഷണമെത്തും. പട്ടിണിയുള്ള നാളിൽ ഭക്ഷണം കൊടുക്കുക എന്ന വിശുദ്ധ ഖുർആനിലെ സൂക്തം ചേർത്തായിരുന്നു ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്. ഈ പദ്ധതിയിലേക്ക് സംഭാവന നൽകാനുള്ള ഇത്തിസാലാത്ത്, ഡൂ നമ്പറുകളും നൽകിയിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക് കോൾ സെന്റർ 800 4006