മസ്കറ് : ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ ഒമാനിലെ ആദ്യ സംരംഭമായ ഷിഫ അല്‍ ജസീറ പ്രീമിയം പോളി ക്ലിനിക്ക് അല്‍ ഖുവൈറില്‍ ഈ മാസം 29ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്മാന് ഡോ. കെ ടി റബീഉല്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മാസം 29 വരെ ഇവിടെ പരിശോധന സൗജന്യമായിരിക്കും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും ലഭ്യമാക്കും.
റൂവിയില്‍ ആക്സസ് ഹോസ്പിറ്റല്‍ ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും. ഇവിടെ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനം സ്വദേശികളും വിദേശികളുമായ പാവപ്പെട്ടവര്‍ക്കായി നീക്കിവെക്കും. 24 മണിക്കൂറും വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ ലഭ്യമാക്കും. ആക്സസ് ഹോസ്പിറ്റലില്‍ എക്സ്റെ, ലാബ് പരിശോധനകള്‍ക്ക് 20 ശതമാനം നിരക്കിളവ് ലഭിക്കുന്ന അഞ്ചു ലക്ഷം മെഡിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ആദ്യ വര്‍ഷം ആക്സസ് ഹോസ്പിറ്റലില്‍ പരിശോധന ഫീസ് ഒരു റിയാല്‍ ആയിരിക്കും. അല്‍ ഖൂദില്‍ അടുത്ത വര്‍ഷം ആരംഭിക്കുന്ന ഹോസ്പിറ്റലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് വരികയാണ്.
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്മാന് ഡോ. അലക്സാണ്ടര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വിനീത്, കോര്‍പറേറ്റ് റിലേഷന്‍ മാനേജര്‍ ഹിശാം ഹസന്, ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ഒമാന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ദീഖ് വലിയകത്ത്, ഗ്ലോബല്‍ പേഴ്സനല്‍ മാനേജര്‍ അസ്ലം ബക്കര്‍, ഫിനാന്‍സ് കണ്ട്രോളര് കെ ടി മുഹമ്മദ് യൂസുഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.