ന്യൂഡെല്‍ഹി:കുട്ടിപ്പാവാടയുമിട്ട് ഇന്ത്യ കാണാന്‍ വരേണ്ടെന്ന് വിനോദ സഞ്ചാരികള്‍ക്ക് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്. കേന്ദ്രമന്ത്രി മഹേഷ് ശര്‍മയാണ് ഇന്ത്യയില്‍ എത്തുന്ന വിനോദസഞ്ചാരികളോട് ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന മന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിനോദസഞ്ചാരികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ ഇവര്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന സമയത്തുതന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.വിനോദസഞ്ചാരികള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ നിര്‍ദേശങ്ങള്‍ ലഘുലേഖയിലുണ്ടായിരിക്കും. ചെറിയ നഗരങ്ങളില്‍ തനിച്ചു യാത്ര ചെയ്യാതിരിക്കുക, ഇറക്കം കുറഞ്ഞ പാവാട ധരിക്കാതിരിക്കുക, സഞ്ചരിക്കുന്ന വാഹനത്തിന്റെ ചിത്രമെടുത്തു സുഹൃത്തിനു കൈമാറുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ലഘുലേഖയിലുണ്ട്.
വിവിധ സംസ്ക്കാരങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ക്ഷേത്രങ്ങളില്‍ പ്രത്യേക വസ്ത്രം ധരിച്ചു മാത്രമേ പ്രവേശിക്കാവൂവെന്ന നിബന്ധനയുമുണ്ട്. ഇതു മനസ്സിലാക്കിവേണം വിനോദസഞ്ചാരികള്‍ വസ്ത്രധാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിനോദസഞ്ചാരികള്‍ ഇന്ന വസ്ത്രമേ ധരിക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നില്ല. രാത്രിയില്‍ തനിച്ചു പുറത്തിറങ്ങുമ്ബോഴും യാത്ര ചെയ്യുമ്ബോഴും സുരക്ഷിതരായിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.