മസ്കറ്റ്:ഒമാനില്‍നിന്നുള്ള ലോക കേരള സഭയിലെ ഏക കോണ്‍ഗ്രസ് പ്രതിനിധിയും ഒ.ഐ.സി.സി ഒമാൻ നാഷണൽ പ്രസിഡൻറുമായ സിദ്ദീഖ്ഹസനും ലോക കേരള സഭാംഗത്വം രാജിവെച്ചു.ലോക കേരള സഭാ വൈസ് ചെയര്‍മാന്‍സ്ഥാനം രാജിവെച്ച പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തലയുടെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചാണ് രാജി.ലോക കേരളസഭാംഗത്വം രാജിവെച്ചുള്ള കത്ത് മുഖ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നോര്‍ക്ക സി.ഇ.ഒക്കും അയച്ചതായി സിദ്ദീഖ് ഹസന് പറഞ്ഞു.പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച ലോക കേരള സഭ നിലനില്ക്കെതന്നെ ഒന്നര വര്‍ഷത്തിനിടെ രണ്ട് പ്രവാസി വ്യവസായികള്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം രൂപപ്പെട്ടത് ലോക കേരളാ സഭക്കും പ്രവാസിസമൂഹത്തതിനൊന്നടങ്കം അപമാനമാണെന്ന് രാജിക്കത്തില്‍ പറയുന്നു.ഗള്‍ഫിലെ നിലവിലെ സാഹചര്യങ്ങളില്‍ തിരിച്ചുവരുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാര നടപടികള്‍ കാണുന്നതിനു പകരം ലോക കേരള സഭ ഉപയോഗിച്ച് മറ്റ് ആവശ്യങ്ങള്‍ നേടിയെടുക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. സഭയില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍തന്നെ ഇതിന്ന് ഉദാഹരണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ലോക കേരള സഭയില്‍ തുടരുന്നത് നീതിയല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും സിദ്ദീഖ് ഹസന് പറഞ്ഞു. സിദ്ദീഖ് ഹസൻ രാജിവെച്ചതോടെ ഒമാനിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങളുടെ എണ്ണം ആറായി കുറഞ്ഞു.ഒമാൻ വ്യവസായി ഡോ.പി.എം മുഹമ്മദലി,പ്രവാസി ക്ഷേമനിധി ബോർഡ് അംഗം പി.എം ജാബിർ, മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മിറ്റി പ്രസിഡൻറ് അഹമ്മദ് റയീസ്, വ്യവസായി വി.ടി. വിനോദ്, സാമൂഹിക പ്രവർത്തകൻ ഹബീബ് തയ്യിൽ, എ.കെ. പവിത്രൻ (സലാല കൈരളി) എന്നിവരാണ് മറ്റ് ലോക കേരള സഭ അംഗങ്ങൾ.