താരരാജക്കൻമാർ അഭിനയിക്കുമ്പോഴും സ്മിതയുടെ സാന്നിദ്ധ്യം ചിത്രത്തിന് നൽകിയിരുന്ന പ്രശസ്തി അതൊന്ന് മാത്രം മതി സിൽക്ക് സ്മിത എന്ന നടിയ്ക്ക് തെന്നിന്ത്യൻ സിനിമയിലുള്ള സ്വാധീനം വ്യക്തമാകാൻ.
മറ്റൊരു മാദക നടിക്കും ലഭിക്കാത്ത പ്രാധാന്യം തെന്നിന്ത്യൻ ചിത്രങ്ങളിൽ സ്മിതയ്ക്ക് ലഭിച്ചിരുന്നു. അഭിനയിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് ചേർത്ത് അറിയപ്പെടാനുളള ഭാഗ്യം സിനിമാ ലോകത്ത് വളരെ ചുരുക്കം പേർക്ക് മാത്രം ലഭിച്ചിരുന്നുള്ളൂ… അതും സ്മിതയ്ക്ക് ലഭിച്ചു. വണ്ടിചക്രം എന്ന ചിത്രത്തിലെ അഭിനയം കൊണ്ട് വിജയലക്ഷ്മി എന്ന സ്മിത സിൽക്ക് സ്മിതയായി.
വെറും മാദക റാണിയായി മാത്രമല്ല സിൽക്ക് അഭിനയിച്ചത്. താനൊരു നല്ല നടികൂടിയാണെന്നും അവർ തന്റെ ചിത്രങ്ങളിലൂടെ തെളിയിച്ചിരുന്നു. ചിത്രങ്ങളിൽ സിൽക്കിന്റെ സാന്നിദ്ധ്യം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുമെന്നതിനാൽ സിനിമയിൽ പാട്ടും ഡാൻസും സ്മിതയ്ക്ക് വേണ്ടി തിരുകി കയറ്റി.
അതുതന്നെയാണ് സിൽക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിയപ്പോഴും സംഭവിച്ചത്. എൺപതുകളിൽ തെന്നിന്ത്യയെ പിടിച്ചിരുത്തിയ സിൽക്കിന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു, എന്തിന് സിൽക്ക് ആത്മഹത്യ ചെയ്തു എന്നതെല്ലാം അവരുടെ ആരാധകർക്ക് അറിയണമായിരുന്നു.
1960 ൽ ജനിച്ച സ്മിത നാലാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിരുന്നത്. സിനിമയിലെത്തണമെന്ന ആഗ്രത്താൽ ഒമ്പതാം വയസ്സിൽ പഠനം നിർത്തി സ്മിത ചെന്നെയിലേക്ക് താമസം മാറ്റിയിരുന്നു. എന്തിനെന്ന് ഇപ്പോഴും വ്യക്തമല്ലാത്ത കാരണത്തിന് 1996 സെപ്തംബർ 23 ന് ചെന്നെയിലെ വസതിയിൽവെച്ച് അവർ ആത്മഹത്യ ചെയ്യുകയായിരുന്നു. ആരോടും ഒന്നിനോടും കലഹിക്കാതെ അജ്ഞാതമായ എന്തിനോ വേണ്ടി അവൾ പിൻതിരിഞ്ഞ് നടന്നു, ഒരുപിടി ഓർമ്മകൾ ബാക്കിയാക്കി…