ആരും തിരിഞ്ഞുനോക്കാതെ ആറ് ദിനങ്ങള്‍: ഗോവിന്ദന് അന്ത്യയാത്രയില്‍ തണലായി കെഎംസിസി

മനാമ: പവിഴദ്വീപില്‍ കാരുണ്യത്തിന്റെ ഉദാത്തമാതൃകയുമായി കെഎംസിസി ബഹ്റൈന്‍. കോവിഡ് പോസിറ്റീവായി മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദന്റെ മൃതദേഹമാണ് കെഎംസിസി ബഹ്റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചത്.
സല്‍മാബാദ് ലോണ്‍ട്രി നടത്തിവരികയായിരുന്ന ഗോവിന്ദന്‍ ഒരാഴ്ച മുമ്പാണ് കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്. ആരും തിരിഞ്ഞുനോക്കാതിരുന്ന മൃതദേഹം സല്‍മാനിയ്യ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ അറിഞ്ഞ കെഎംസിസി നേതാക്കളായ ശാഫി പാറക്കട്ടയും അഷ്റഫ് മഞ്ചേശ്വരവും കെഎംസിസി ബഹ്റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ക്കായി സ്പോണ്‍സറെ ബന്ധപ്പെടുകയും സ്പോൺസറുടെയും ഐസിആര്‍എഫിന്റെയും സഹകരണത്തോടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള വഴിയൊരുങ്ങുകയുമായിരുന്നു. ഹിന്ദുമതവിശ്വാസ പ്രകാരം ബഹ്റൈനിലെ അല്‍ബയ്ക്ക് സമീപത്തെ ശ്മശാനത്തിലാണ് ഗോവിന്ദന്റെ മൃതദേഹം സംസ്‌കരിച്ചത്. സംസ്കാര ചടങ്ങിൽ അഷ്റഫ് മഞ്ചേശ്വരം പങ്കെടുത്തു.