മനാമ: ഫ്രന്റ്‌സ് സർഗവേദി റിഫാ ഏരിയ നടത്തിയ സ്‌മൃതി അരങ്ങ് ഏറെ ശ്രദ്ധേയമായി. ഈയിടെ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ സിദ്ധീഖ്, പ്രമുഖ സാഹിത്യകാരൻ ഇബ്രാഹിം ബേവിഞ്ച, സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല എന്നിവരുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചം നൽകുന്നതായിരുന്നു പരിപാടി. അവരുടെ കലാ – സാഹിത്യ ജീവിതത്തെ കുറിച്ചുള്ള കനപ്പെട്ട ചർച്ചകൾ സ്‌മൃതി അരങ്ങിനെ വേറിട്ട അനുഭവമാക്കി. ഇബ്രാഹിം ബേവിഞ്ചയെ ജമാൽ ഇരിങ്ങലും, സിദ്ധീഖിനെ ഷാഹുൽ ഹമീദും അനുസ്മരിച്ചു കൊണ്ട് പ്രഭാഷണം നടത്തി. മാപ്പിളപ്പാട്ടിന്റെ വാനമ്പാടി വിളയിൽ ഫസീലയെ അനുസ്മരിച്ച് സലീന ജമാൽ നടത്തിയ പാട്ടും പറച്ചിലും ഏറെ ഹൃദ്യമായി. തുടർന്ന് നടന്ന ഗാനസ്മരണയിൽ ദിയ, തമന്ന, ഫസലുറഹ്മാൻ മൂച്ചിക്കൽ, ഷാഹുൽ, നസീർ, ബഷീർ, ആയാത്ത് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
സർഗവേദി കൺവീനർ ഡോ.സാബിർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി മൂസ കെ. ഹസൻ നന്ദി പ്രകാശിപ്പിച്ചു. ഇർഷാദ് കുഞ്ഞിക്കനി ആയിരുന്നു എം.സി. ഏരിയാ പ്രസിഡന്റ് സമീർ ഹസൻ, അഹ്മദ് റഫീഖ്, മഹ്മൂദ് മായൻ തുടങ്ങിയവർ നേതൃത്വം നൽകി.