മസ്കത്ത്: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ ഏപ്രിൽ 25, 26 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് അൽഖുവൈർ ഫുഡ്ലാൻറ് റസ്റ്ററന്റിൽ നടന്ന വാർത്തസമേള്ളനത്തിൽ സംഘാടകർ അറിയിച്ചു. ഫുട്ബാൾ മത്സരങ്ങളും വിനോദ പരിപാടികളും സംയോജിപ്പിച്ചുള്ള ‘സോക്കർ കാർണിവലി’ൽ മസ്കത്തിലെ പ്രമുഖരായ 16ടീമുകളാണ് അങ്കം കുറിക്കുന്നത്. തലസ്ഥാന നഗരി ഇന്നേവരെ കണ്ടിട്ടില്ലാത്ത സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ആഘോഷ രാവുകൾക്കാണ് വിസിൽ മുഴങ്ങുന്നതെന്ന് സംഘാടകർ അറിയിച്ചു. ആദ്യദിനം രാത്രി പത്ത് മണിക്കാണ് മത്സരങ്ങൾ തുടങ്ങുക. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളാണ് ഈ ദിവസം നടക്കുക. ക്വാർട്ടർ മുതൽ ഫൈനൽവരെയുള്ള മത്സരം 26ന് വൈകീട്ട് നാലുമുതൽ തുടങ്ങും. വിജയികൾക്ക് 600റിയാലും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 300റിയാലും റണ്ണേഴ്സ് ട്രോഫിയും നൽകും. കൂടാതെ മികച്ച കളിക്കാർക്കും മറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകും. കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ. എം.എഫ്.എ) സഹകരിച്ചാണ് ഫുട്ബാൾ കാർണിവൽ നടത്തുന്നത്. പ്രവേശനം സൗജന്യമാണ്.ഈ രണ്ട് ദിനങ്ങളിലും കുട്ടികൾക്കും കുടുംബത്തിനും ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളും ഉണ്ടാകും.ഇതിൽ വിജയികളാകുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും നേടാനാകും. രൂചിയുടെ മേളപ്പെരുക്കം തീർത്ത് ഫുഡ് കോർണറുകൾ, കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്റിങ്, കസേരക്കളി, മറ്റ് മത്സരങ്ങളും നടക്കും.‘സോക്കർ കാർണിവൽ’ലിൽ ആവേശം തീർക്കാൻ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടികയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരവുമായ രാജ് കലേഷും എത്തും.മുഖ്യാതിഥിയായാണ് അനസ് സംബന്ധിക്കുക. കുട്ടികൾക്കും കുടുംബത്തിനും വിസ്മയിപ്പിക്കുന്ന മാജിക്കും നുറുങ്ങ് മത്സരങ്ങളുമായി കാണിവെൽ നഗരിയെ ഇളക്കി മറിക്കുന്നതായിരിക്കും കലേഷിന്റെ പ്രകടനം. സ്പോട്ട് മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളായിയുള്ള വിവിധങ്ങളാ കലാപ്രകടനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കും. മത്സരത്തിന് കമന്ററി പറയാൻ മലപുറത്തുനിന്നുള്ള റാഷിദ് കോട്ടക്കലും എത്തും. അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കമന്ററിയിലൂടെ ശ്രദ്ധേയമായ ആളാണ് ഈ മലപ്പുറംകാരൻ.സോക്കർ കാർണിവലിന്റെ ലോഗോ പ്രകാശനവും ടീം നറുക്കെടുപ്പും നടന്നു. സോക്കർ കാർണിവൽ സംഘാടക സമിതി, സ്പോൺമാർ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്. ടീം നുറക്കെടുപ്പിന് സോക്കർ കാർണിവൽ കമ്മിറ്റി കൺവീനർ അർഷാദ് പെരിങ്ങാല, കമ്മിറ്റി അംഗം മുഹമ്മദ് റഫീഖ് എന്നിവർ നേതൃത്വം നൽകി. ഗ്രൂപ്പ് എയിൽ ബർക്ക ബ്രദേഴ്സ് എഫ്.സി, ലയൺസ് മസ്കത്ത് എഫ്.സി, സെന്ന മലബാർ നെസ്റ്റോ എഫ്.സി, സൈനോ എഫ്.സി സീബ്, ഗ്രപ്പ് ബിയിൽ യുനൈറ്റ് കാർഗോ എഫ്.സി, മഞ്ഞപ്പട എഫ്.സി, ഫിഫ മൊബേല എഫ്.സി, ജീപാസ് എഫ്.സി, ഗ്രൂപ്പ് സിയിൽ റിയലക്സ് എഫ്.സി, നേതാജി എഫ്.സി, സ്മാഷേഴ്സ് എഫ്.സി, മസ്കത്ത് ഹാമേഴ്സ് എഫ്.സി, ഗ്രൂപ്പ് ഡിയിൽ ബ്ലുസ്റ്റാർ എഫ്.സി, സോക്കർ ഫാൻസ് ബ്രൗൺ സേഫ്റ്റി എഫ്.സി, ജി.എഫ്.സി അൽഅൻസാരി എഫ്.സി, ടോപ് ടെൻ ബർക്ക എഫ്.സി എന്നീ ടീമുകളാണ് വരുന്നത്.വാർത്തസമ്മേളനത്തിൽ ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് ബിസിനസ് ഓപറേഷൻ കെ. മുഹമ്മദ് റഫീഖ്, ഒമാൻ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ, ലുലു എക്സ്ചേഞ്ച് മാർക്കറ്റിങ് ഹെഡ് ബിനോദ് കുമാർ, അൽഹാജിസ് പെർഫ്യൂംസ് മാനേജിങ് ഡയറക്ടർ സാഹിൽ മൊയ്തു, യുനൈറ്റഡ് കാർഗോ മാനേജിങ് ഡയറക്ടർ നിയാസ് അബ്ദുൽഖാദർ, ആർ.എഫ്.സി ചെയർമാൻ റഫീഖ് മലയിൽ, റുബ്അ അൽഹറം (ടോപ് ടെൻ) മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, ജീപാസ് കൺട്രി സെയിൽസ് മാനേജർ കെ.ടി.കെ. സജീർ, ഗോൾഡൻ തുലിപ്പ് ഡയറ്ക്ടർ ഓഫ് ഓപറേഷൻ കെ.വി. ഉമ്മർ, ഇന്റലിജന്റ് ഇവന്റ്സ് മാനേജിങ് ഡയറക്ടർ ജോയ്സൺ, കെ.എം.എഫ്.എ കോർകമ്മിറ്റി അംഗം ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.