അബുദാബി : യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഇത്തരം കേസുകൾ 43% വർധിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അറിയിച്ചു. 512 ക്രിമിനൽ കേസുകളാണ് ഇത്തവണ റിപ്പോർട്ട് ചെയ്തത്. 2018ൽ ഇത് 357 എണ്ണമായിരുന്നു.
സൈബർ പീഡനം, ചൂഷണങ്ങൾ, ബ്ലാക്ക്മെയിലിങ്, ഭീഷണികൾ, അസഭ്യങ്ങൾപറയൽ, മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറ്റം എന്നിവയെല്ലാം ഇതിലുൾപ്പെടും. ഇതിനുപുറമെ വ്യാജ പരസ്യങ്ങളും കിംവദന്തികൾ പ്രചരിപ്പിക്കൽ, രാജ്യതാൽപര്യത്തിനെതിരെ പ്രവർത്തിക്കൽ എന്നിവയും സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിൽപ്പെടും.
കടുത്ത ശിക്ഷ
ചില നിയമലംഘനങ്ങൾക്ക് ഒരു വർഷം മുതൽ ആജീവനാന്ത തടവ് വരെയാണു ശിക്ഷ. മറ്റു ചില കുറ്റകൃത്യങ്ങൾക്ക് 3 വർഷം വരെ തടവിലിട്ടശേഷം നാടുകടത്തുമെന്ന് അബുദാബി നിയമവകുപ്പ് പ്രതിനിധിയും അഭിഭാഷകനുമായ അൽ ആമിർ അൽ അംരി പറഞ്ഞു.
ഒരു ലക്ഷം മുതൽ 30 ലക്ഷം ദിർഹം വരെയാണ് കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ച് ലഭിക്കുന്ന പിഴ. പണത്തിനുവേണ്ടിയാണ് സൈബർ ക്രൈം നടത്തിയതെങ്കിൽ 3 വർഷം തടവും 5 ലക്ഷം ദിർഹം പിഴയും നാടുകടത്തലുമാണ് ശിക്ഷ. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും സൈറ്റുകൾ നീക്കം ചെയ്യുകയും ചെയ്യും.