മനാമ: ടി. എസ്. ജ്ഞാനവേൽ തമിഴിൽ സംവിധാനം ചെയ്ത ജയ് ഭീം സിനിമയുടെ കാഴ്ചക്കപ്പുറം സംവേദനം ചെയ്ത് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. സമൂഹത്തിലെ അരിക് വൽക്കരിക്കപ്പെട്ടവർ അനുഭവിക്കുന്ന ജീവിത യാഥാർഥ്യത്തിന്റെയും ഇന്നും തുടരുന്ന അരാജകത്വത്തിന്റെയും നേർചിത്രത്തിലേക്കുള്ള കാഴ്ചയാണ് ജയ് ഭീം മുന്നോട്ടുവയ്ക്കുന്നത്. അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും വേദന വളരെ ശക്തമായി അവതരിപ്പിക്കുന്ന ജയ്ഭീം, നാട്ടിലെ രാഷ്ട്രീയ നിയമ സംവിധാനങ്ങൾക്ക് സ്വയം പരിശോധന നടത്താൻ വഴിയൊരുക്കുന്ന സിനിമയാണ് എന്ന് സദസ്സ് വിലയിരുത്തി.
ജയ് ഭീം സിനിമയിലെ ഇടതുപക്ഷ സിമ്പലുകൾ ആഘോഷിക്കുന്ന കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് സംവരണ അട്ടിമറിയിലൂടെ സവർണ സംവരണം നടപ്പിലാക്കിയതും ദലിത് വിദ്യാർഥിനിക്ക് ജാതിയ വിവേചനം മൂലം സർവകലാശാലയിലെ തൻറെ പഠനം പൂർത്തിയാക്കാൻ ഭരണസിരാകേന്ദ്രത്തിന് മുമ്പിൽ സമരത്തിനിറങ്ങേണ്ടി വന്നതും സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത ദലിത് യുവാവ് കാർ മോഷണ കേസിൽ പ്രതിയാകുന്നതും. ലഘുലേഖ കൈവശം വച്ചതിന് വിദ്യാർത്ഥികളെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ തന്നെയാണ് ആണ് മാവോ വാദികൾ എന്ന് ആരോപിച്ച് നടത്തിയ പോലീസ് വെടിവപ്പിൽ ആളുകൾ കൊല്ലപ്പെട്ടത് എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കേരളത്തെ തകർക്കുക എന്ന അജണ്ട നാം കാണാതെ പോകരുത് എന്ന് തുടർന്ന് സംസാരിച്ച പങ്കജ് നാഭൻ പറഞ്ഞു. പാളിച്ചകൾ ധാരാളം ഉണ്ടെങ്കിലും കേരളത്തിൻ്റെ ഇടത് സാംസ്കാരിക ബോധം നിലനിൽക്കേണ്ടതുണ്ട്. മലയാളത്തിൽ ഇറങ്ങുന്ന സിനിമകൾ ഇത്തരം ഭരണകൂട അതിക്രമത്തെ ചിത്രീകരിക്കുന്നതിനൊപ്പം അതിക്രമത്തിനിരയായ ഇരകളും അത്ര നല്ലവരല്ല എന്ന രാഷ്ട്രീയ സത്യസന്ധതയില്ലയ്മയണ് പകർന്നാടുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറ്റവാളി ഗോത്രങ്ങൾ എന്ന ചാപ്പകുത്ത് നൂറ്റാണ്ടുകളായി നിലവിലുണ്ട്. തനിക്ക് ഇഷ്ടമില്ലാത്ത നാട്ടിലും സമൂഹത്തിലും മതത്തിലുമുള്ളവർ കുറ്റവാളികളും ഭീകരവാദികളുമാണെന്ന ചിന്ത സമൂഹത്തിൽ പിടിമുറുക്കുകയാണ് എന്ന് തുടർന്ന് സംസാരിച്ച സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ പറഞ്ഞു. കേരളത്തിൽ ജനകീയ വിഷയങ്ങൾ ഉയർത്തി സമരമുഖത്തുള്ള ന്യൂജൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മേൽ തീവ്രവാദ മുദ്ര ചാർത്തി ഇത്തരം ജനകീയ സമരങ്ങളെ തകർക്കാനുള്ള സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാറിൻറെ നയങ്ങൾ ഇതിന് തെളിവാണ്.
കള്ളക്കേസിൽ കുടുക്കിയ മനുഷ്യർക്ക് ഹാബിച്വൽ ഒഫൻഡേഴ്സ് എന്ന വിശേഷണം അധികാരി വർഗ്ഗത്തിന് പാർശ്വവൽകൃതരോടുള്ള മനോഭാവത്തെയാണ് അടയാളപ്പെടുത്തുന്നത് എന്ന് ചർച്ച നിയന്ത്രിച്ച വി.കെ അനീസ് ചൂണ്ടിക്കാട്ടി.
മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര, സാമൂഹിക പ്രവർത്തകരായ ഗഫൂർ മൂക്കുതല, എം. അബ്ദുൽ ഖാദർ, സിറാജുദ്ദീൻ ടി. കെ, വി എൻ മുർഷാദ്, സാജിർ കണ്ണൂർ, അബ്ദുൽ ലത്തീഫ് കടമേരി, ഫൈസൽ, പി. ഷാഹുൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതവും ജലീൽ മുട്ടിക്കൽ നന്ദിയും പറഞ്ഞു.