മനാമ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്ക് എതിരെ ലോക മലയാളികളുടെ താക്കീതായി വെൽഫെയർ പാർട്ടി വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ലോക കേരള പ്രതിഷേധ സഭയിൽ കേരളത്തിലെ ജന പ്രതിനിധികളും 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനാ നേതാക്കളോടൊപ്പം ബഹ്റൈനിൽ നിന്നും സോഷ്യൽ വെൽഫെയർ അസ്സോസിയേഷനും ബഹ്റൈനിലെ സാമൂഹിക നേതൃ രംഗത്തുള്ളവരും പങ്കെടുത് തു. വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് എസ്.ക്യൂ.ആർ ഇല്യാസ് ലോക കേരള പ്രതിഷേധ സഭ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻറെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ. ലോക രാജ്യങ്ങളെല്ലാം അവരവരുടെ നാട്ടിലെ പൗരൻമാരെ തിരികെ കൊണ്ടു പോകാൻ വിപുലമായ സൗകര്യങ്ങളേർപ്പെടുത്തിയപ്പോൾ ഇന്ത്യാ സർക്കാർ പ്രവാസികളുടെ മടങ്ങിവരവിന് തടസ്സം നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എംബസികളിൽ കെട്ടിക്കിടക്കുന്ന ഐ.സി.ഡബ്ല്യൂ ഫണ്ടും പി.എം കെയർ ഫണ്ടും വിനിയോഗിച്ച് പ്രവാസികളുടെ മടക്കയാത്ര സൗജന്യമാക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുനരധിവാസം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെൻറ് നിർത്തിവെച്ച് കോവിഡ് പ്രതിരോധത്തിന് വേണ്ട നടപടി വേണമെന്ന ആവശ്യം കേന്ദ്രം നിരസിക്കുകയായിരുന്നുവെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. രോഗപ്രതിരോധം നടത്തേണ്ട സമയത്ത് മധ്യപ്രദേശ് സർക്കാറിനെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളിൽ ആയിരുന്നു BJP സർക്കാറിന് താല്പര്യം. പുറമേ സ്നേഹമുണ്ടെന്ന് നടിക്കുകയും കേന്ദ്രവുമായി ചേർന്ന് മറുനാട്ടിൽ തന്നെ പ്രവാസികളെ തളച്ചിടാനുമാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. പ്രവാസികൾ വരുന്ന വിമാനങ്ങൾ റദ്ദാക്കുക, അവർക്കുള്ള ക്വാറന്റൈൻ സംവിധാനം നിർത്തലാക്കുക, കൃത്യമായ വിവരങ്ങൾ കൈമാറാതിരിക്കുക തുടങ്ങിയ തടസ്സങ്ങൾ പലപ്പോഴായി സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു
പ്രവാസികളുടെ തിരിച്ചുവരവ് എന്നത് ഏറെ കടമ്പകൾ നിറഞ്ഞതായി മാറിയിരിക്കുകയാണെന്നും ഗവൺമെൻറ് മുൻകൈയെടുത്ത് വളരെക്കുറച്ചു പ്രവാസികൾ മാത്രമാണ് നാട്ടിലെത്തിയതെന്നും ഇ. ടിമുഹമ്മദ് ബഷീർ എം.പി പറഞ്ഞു. മറ്റു രാജ്യങ്ങൾ സർക്കാർ ചിലവിൽ ആളുകളെ നാട്ടിലെത്തിക്കുമ്പോൾ സ്വന്തം ചിലവിൽ നാട്ടിൽ എത്തുന്ന പ്രവാസിയുടെ യാത്ര തന്നെ മുടക്കാനാണ് കേന്ദ്രവും സംസ്ഥാനവും ശ്രമിക്കുന്നത്. നാട്ടിലെത്തിയാൽ അവരുടെ ജീവിതവും പുനരധിവാസവും എങ്ങനെ എന്നത് ഒരു വലിയ ചോദ്യമായി നിൽക്കുന്നു. ജോലിയും വരുമാനവും ഇല്ലാതെ നാട്ടിൽ എത്തുന്നവർക്ക് പ്രത്യേക പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു പ്രവാസികളെ പുനരധിവസിപ്പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസി ദ്രോഹത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അദ്ധ്യക്ഷ പ്രഭാഷണത്തിൽ പറഞ്ഞു. ഇവാക്വേഷനായി എല്ലാവിധ അന്താരാഷട്ര ഇളവുകളും ലഭിച്ചിട്ടും വന്ദേ ഭാരത് മിഷനിൽ അമിത ചാർജ്ജ് ഈടാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകുകയായിരുന്നു. മടക്കയാത്രക്കായി ചാർട്ടേഡ് ഫ്ലൈറ്റുകൾ സന്നദ്ധ സംഘടനകൾ വഴി ആരംഭിച്ചപ്പോൾ അതിനെ തടയിടാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. രണ്ടര ലക്ഷം റൂം ക്വാറൻറൈൻ സൌകര്യം ഏർപ്പെടുത്തി എന്നവകാശപ്പെട്ട കേരള സർക്കാർ ഏതാനും ആയിരം പ്രവാസികൾ എത്തിയപ്പോൾ തന്നെ ക്വാറൻറൈൻ സംവിധാനങ്ങളില്ലെന്നു പറഞ്ഞ് പിൻമാറുന്നതാണ് കണ്ടത്. നടക്കാൻ സാദ്ധ്യതയില്ലാത്ത വ്യവസ്ഥകൾ മുന്നിൽ വെച്ച് യാത്ര മുടക്കുകയും ഭീതി പരത്തകയും ചെയ്യുന്ന സംസ്ഥാന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്നും നിതാഖാത്ത് കാലത്ത് വാഗ്ദാനം ചെയ്ത തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് 6 മാസത്തെ ശമ്പളം പ്രവാസികൾക്ക് സംസ്ഥാന സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ. സുധാകരൻ എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി, പി.വി ആബ്ദുൽ വഹാബ് എം.പി, മുൻ പ്രവാസി വകുപ്പ് മന്ത്രി എം.എം ഹസ്സൻ, സിഎംപി നേതാവ് സി. പി ജോൺ, സാഹിത്യകാരൻ പി. സുരേന്ദ്രൻ, അഡ്വ മുരളീധരൻ, വിവിധ പ്രവാസി സംഘടനാ നേതാക്കളായ ഡോ.ഷീബ (ഖത്തർ), മൻസൂർ പള്ളൂർ (സൌദി), സത്താര്‍ താമരത്ത് (റിയാദ്), വി വി ശരീഫ് (സിങ്കപ്പൂർ), ഖലീല്ഹംദാന് (തുർക്കി), അഷറഫ് താമരശേരി, മോഹന്‍ദാസ് നെല്ലിക്കുന്ന് (സലാല), ഷമീം അഹ്മദ് (യു.കെ), അബ്ദുസലാം ചാലക്കല്‍ (സോമാലിയ), .മുഹമ്മദ് റിയാസ് (സ്വീഡന്), കെ.പി ശംസുദ്ദീന്‍(യു.എ.ഇ), അബ്ദുല്‍ കരീം (ചൈന), ഷഫീഖ് വി.കെ ( യു.എസ്.എ), മുഹമ്മദ് സാലിഹ് (കുവൈത്ത്) , എം.സി.എ നാസര്‍ ( യു.എ.ഇ, ഇ.പി. ജോൺസൺ (യു.എ.ഇ), ഡയസ് ഇടിക്കുള ( യു.എ.ഇ), ഹരികുമാര്‍ ( ഒമാന്‍) , തഴവ രമേശ് ( സലാല), അബുലൈസ് എടപ്പാള്‍ ( യു.എ.ഇ), നഹ്ല ടി.എം ( റഷ്യ) ബിനു കുന്നന്താനം, ജമാൽ നദ് വി ഇരിങ്ങൽ, അബ്രഹാം ജോൺ, ഷെമിലി പി ജോൺ, മുഹമ്മദലി മലപ്പുറം, ജമീല അബ്ദുറഹിമാന്, വി’ കെ. അനീസ് (ബഹ്റൈൻ) തുടങ്ങിയവരും വിവിധ നേതാക്കളും സംബന്ധിച്ചു. പ്രവാസി വെൽഫെയർ ഫോറം പ്രസിഡണ്ട് റസാഖ് പാലേരി സ്വാഗതവും സെക്രട്ടറി ബന്ന മുതുവല്ലൂർ നന്ദിയും പറഞ്ഞു