ബഹ്‌റൈൻ : സോപാനംവാദ്യകലാസംഘവും കോൺവെക്സ് കോർപ്പറേറ്റ് ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന വാദ്യസംഗമം 2022 ഡിസംബർ 1 & 2 തീയതികളിൽ ബഹറിൻ ഇസടൗൺ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ അരങ്ങേറും. മുൻ MP സിനിമാതാരം സുരേഷ് ഗോപി, കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, സിനിമാതാരം ഉണ്ണി മുകുന്ദൻ, സോപാന ഗായകൻ അമ്പലപ്പുഴ വിജയകുമാർ , ഗായകൻ വിവേകാനന്ദൻ, കീബോർഡ് ആർട്ടിസ്റ്റ് പ്രകാശ് ഉള്യേരി, കാഞ്ഞിലശേരി പത്മനാഭൻ, ഡോ: ചെറുതാഴം കുഞ്ഞിരാമ മാരാർ, മട്ടന്നൂർ ശ്രീരാജ് , ചിറക്കൽ നിധീഷ് തുടങിയ പ്രമുഖർ പങ്കെടുക്കും. ഡിസംബർ -1 വ്യാഴം വൈകിട്ട് 6നു കേളികൊട്ടോടുകൂടി വാദ്യസംഗമത്തിനു തുടക്കമാവും. തുടർന്ന് മുത്തുക്കുട, താലപ്പൊലി വാദ്യമേളം , വള്ളപ്പാട്ട് എന്നിവയോടെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സ്വീകരണവും വാദ്യസംഗമം 2022 ഉത്ഘാടന സദസ്സും നടക്കും. വാദ്യസംഗമം 2022 സിനിമാതാരം ഉണ്ണിമുകുന്ദൻ ഉത്ഘാടനം ചെയ്യും. വാദ്യകലയിൽ 60 വർഷം പൂർത്തീകരിക്കുന്ന പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരെ സോപാനം വാദ്യകലാസംഘത്തിന്റെ പരമോന്നത പുരസ്കാരമായ “വാദ്യകൈരളിരത്നം” പുരസ്കാരം നൽകി സോപാനം കുടുംബം ആദരിക്കും. സോപാനം നടത്തിവരുന്ന ഭാരത മേളപരിക്രമം മേളാർച്ചനയാത്രയുടെ ഭാഗമായി വാദ്യകലയ്ക്ക് ജീവിതമുഴിഞ്ഞുവെച്ച വാദ്യകലാഗുരുക്കന്മാർക്ക് സമർപ്പികുന്ന “സോപാനം തൗര്യത്രികം പുരസ്കാരം” 2016 മുതൽ നൽകിവരുന്നുണ്ട്. 2019, 2020&2021 വർഷത്തെ പുരസ്കാരങ്ങളും മേളർച്ചനായാത്രയും മഹാമാരിമൂലം മുടങ്ങിയതിനാൽ, മുടങ്ങിയ വർഷത്തെ അടക്കം പുരസ്കാരങ്ങളും പ്രഖ്യാപിക്കുകയാണ്. 2019 ലെ പുരസ്കാരം കേളത്ത് അരവിന്ദാക്ഷമാരാർക്കും, 2020 ലെ പുരസ്കാരം വെളിതൂരുത്തി ഉണ്ണിനായർക്കും, 2021 ലെ പുരസ്കാരം കടന്നപ്പള്ളി ശങ്കരൻ ങ്കുട്ടി മാരാർക്കും സമർപ്പിക്കൂം. ഗുരുദക്ഷിണയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം കേരളത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വാദ്യകലാ ഗുരുക്കന്മാർക്ക് സമർപ്പിക്കും.
പ്രവാസി ഭാരതീയ പുരസ്കാരജേതാവും സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖനുമായ K G ബാബുരാജനെ വാദ്യസംഗമവേദിയിൽ ആദരിക്കും. തുടർന്ന് 8 കൗമാര പ്രതിഭകളുടെ തായമ്പക അരങ്ങേറ്റവും തുടർന്ന് തായമ്പകയിലെ യുവരാജാക്കന്മാർ എന്ന് വിശേഷിപ്പിക്കാവുന്ന മട്ടന്നൂർ ശ്രീരാജ് & ചിറയ്ക്കൽ നിധീഷ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന മേജർ തായമ്പക അരങ്ങേറും.
രണ്ടാം ദിവസമായ ഡിസംബർ 2 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ കേളിയും തുടർന്ന് പ്രവാസലോകത്ത് ആദ്യമായി 10 സോപാനസംഗീത വിദ്യാർത്ഥികളുടെ അരങ്ങേറ്റം സോപാന സംഗീതജ്ഞൻ അമ്പലപുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ നടക്കും , സിനിമാതാരം സുരേഷ് ഗോപി ഉത്ഘാടനം ചെയ്യും. തുടർന്ന് മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ, വിവേകാനന്ദൻ, പ്രകാശ് ഉള്യേരി തുടങ്ങിയവർ അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീത പരിപാടി അരങ്ങേറും. തുടർന്ന് മട്ടന്നൂർ ശങ്കരങ്കുട്ടിമാരാർ & കാഞ്ഞിലശേരി പത്മനാഭൻ എന്നിവരുടെ മേളപ്രമാണത്തിൽ 250 ലധികം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളത്തിൽ 32 മേളകലാവിദ്യാർത്ഥികൾ അരങ്ങേറും.
വാദ്യസംഗമം 2022 ലേക്ക് ഏവർക്കും പ്രവേശനം സൗജന്യമാണ്. മത ജാതി രാഷ്ട്ര വർഗ്ഗ ലിംഗ ഭേദമന്യെ പരിപാടികൾ ആസ്വദിക്കുവാനായി ഏവരേയും വാദ്യസംഗമം 2022 ലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .