“ഹൃദയപൂർവ്വം തൃശ്ശൂര്‍ 2024” മെഗാ ഇവന്റിന്റെ ഭാഗമായി നടത്തുന്ന കായിക മൽസരങ്ങൾ ഇന്ന്

മസ്‌കറ്റ്: ഒമാൻ തൃശ്ശൂര്‍ ഓർഗനൈസേഷന്റെ അഭിമുഖ്യത്തിൽ ജനുവരി 19 ന് നടക്കുന്ന “ഹൃദയപൂർവ്വം തൃശ്ശൂര്‍ 2024” മെഗാ ഇവന്റിന്റെ ഭാഗമായി നടത്തുന്ന കായിക മൽസരങ്ങൾക്ക് ഇന്ന് (2024 ജനുവരി 5) വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്‌ 2 മണി മുതൽ തുടക്കം കുറിക്കും.ഒരു സ്പോർട്സ് ‌ ഇവന്റ്‌ എന്നതിലുപരി കൂട്ടായ്മയിലെ മികച്ച പ്രതിഭകളെ കണ്ടെത്തി ഒമാനിലെ കലാ കായിക രംഗത്ത്‌ തൃശൂരിന്റെ ഭൂപടം കൂടെ ചേർക്കുക എന്നതിന്റെ ഭാഗമായി, ക്ക്രിക്കറ്റ്‌, ഫുട്ബോൾ, വോളിബോൾ ടൂർണ്ണമെന്റുകളിൽ സജീവമായി ഇടപെടുക എന്നതു കൂടിയാണ് ലക്ഷ്യം.ഇന്ന് ഉച്ചയ്ക്ക്‌ രണ്ടു മണി മുതൽ മസ്‌കറ്റ്, റൂവി ഖാബൂസ്‌ മസ്ജിദിനു സമീപത്തുള്ള ടർഫ്‌ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണ്ണമെന്റുകളിൽ തൃശൂർ ജില്ലയിൽ നിന്നുള്ള 8 വീതം ടീമുകൾ ക്രിക്കറ്റിലും ഫുട്ബോളിലുമായി കളത്തിലിറങ്ങും.ക്രിക്കറ്റിൽ തൃശൂർ ടസ്‌ക്കേഴ്സ്‌, തൃശൂർ ഗഡികൾ, ന്യൂ ക്രിയേഷൻ മാള, ഞങ്ങൾ ചാവക്കാട്ടുക്കാർ, അഞ്ചേരി ബ്ലാസ്റ്റേഴ്സ്‌, ഗുരുവായൂർ ഫൈറ്റേഴ്സ്‌, വി സി സി വലപ്പാട്, കോട്ടപ്പുറം ബീച്ച് ടീമും, ഫുട്ബോളിൽ എഫ്സി വാടാനപ്പള്ളി, കോട്ടപ്പുറം ബീച്ച്‌ ടീം, എഫ്സി കേച്ചേരി, എഫ്‌സി തൃശൂർ, എഫ്‌സി ഗുരുവായൂർ, ഇ എഫ്‌ എ എങ്ങണ്ടിയൂർ, പൾസ് എഫ്സി കൊടകര, അഞ്ചേരി ബ്ളാസ്റ്റേഴ്സ് എന്നീ ടീമുകളും പങ്കെടുക്കും.

മൽസരങ്ങൾ എല്ലാം നോക്കൗട്ട്‌ ആയിരിക്കും. വിജയികൾക്ക്‌ ക്യാഷ്‌ പ്രൈസും ട്രോഫിയും സമ്മാനമായി നൽകും. വോളിബോൾ മത്സരം ജനുവരി 12 നു കുട്ടികൾക്കും സ്ത്രീകൾക്കുമായി നടക്കുന്ന കലാ പരിപാടികളോടൊപ്പം നടത്തുമെന്ന് നസീർ തിരുവത്ര (പ്രസിഡണ്ട്), അഷറഫ് വാടാനപ്പള്ളി (സെക്രട്ടറി), വാസുദേവൻ തളിയറ ( ട്രഷറർ), ജയശങ്കർ പാലിശ്ശേരി (പ്രോഗ്രാം കൺവീനർ) സ്പോര്‍ട്സ് കമ്മിറ്റി ഭാരവാഹികളായ ഫിറോസ് തിരുവത്ര, ഹസ്സന്‍ കേച്ചേരി, സുനീഷ് ഗുരുവായൂര്‍, ഗംഗാധരന്‍ കേച്ചേരി, സുബൈര്‍, ജോസ് പുലിക്കോട്ടില്‍ എന്നിവര്‍ അറിയിച്ചു.