ബഹ്‌റൈനിൽ ശ്രീനാരായണ ഗുരു ജയന്തി വിപുലമായ ആഘോഷ പരിപാടികൾ : മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരുപാടിയിൽ പങ്കെടുക്കും

ബഹ്‌റൈൻ : ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്  ബഹറിനിൽ സന്ദർശനം നടത്തും. ബഹ്‌റൈനിലെ ശ്രീനാരായണീയ കൂട്ടായ്മകളായ ശ്രീനാരായണ കൾച്ചർ സൊസൈറ്റി , ഗുരുദേവ സോഷ്യൽ സൊസൈറ്റി , ബില്ലബാസ് ബഹ്‌റൈൻ , ഗുരു സേവ സമിതി എന്നിവയുടെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 169 ആം ജയന്തിയോടനുബന്ധിച്ച് നടത്തുന്ന പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിച്ചേരുന്നത്. സെപ്റ്റംബർ ആറിന് ബഹ്‌റിനിൽ എത്തിച്ചേരുന്ന മുൻ രാഷ്ട്രപതി 7 മുതൽ 9 വരെ തീയതികളിൽ നടക്കുന്ന പരിപാടികൾ സംബന്ധിക്കുമെന്ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ , ശിവഗിരി മഠം പ്രസിഡന്റ് സാമി സച്ചിദാനന്ദ, സെക്രട്ടറി സാമി സുഭഗാനന്ദ തുടങ്ങിയവരും പരിപാടികളിൽ പങ്കെടുക്കും . സെപ്റ്റംബർ ഏഴിന് വൈകുന്നേരം ക്രൗൺ പ്ലാസിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി എക്സിക്യൂട്ടീവ് ഡിന്നർ , ഇന്ത്യൻ സ്കൂളിൽ വച്ച് എട്ടാം തീയതി നടക്കുന്ന ട്രിബ്യൂട്ടി ടു ബഹ്‌റൈൻ എന്ന പൊതു പരിപാടിയിലും മുൻ പ്രസിഡന്റ് പങ്കെടുക്കും കൂടാതെ സിനിമാതാരം നവ്യാനായർ അടക്കം ഉള്ളവരുടെ കലാപരിപാടികൾ അരങ്ങേറും ഇതോടൊപ്പം നടക്കും . സെപ്റ്റംബർ 9ന് ബഹ്‌റൈനിലെ വിവിധ സ്കൂളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ പാർലമെന്റിലും മുൻ രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ് പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.