ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രാൻഡ് അലുമ്നി റീ യൂനിയൻ പ്രോഗ്രാമിൽ ഒമാനിൽനിന്ന് 30ൽ അധികം ആളുകൾ പങ്കെടുക്കുമെന്ന് അലുമ്നി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.1964 മുതൽ 2022വരെ പഠിച്ച പൂർവവിദ്യാർഥികളുടെ സംഗമവും കോളജ് സ്ഥാപിത ദിനാഘോഷവും ജൂലൈ 17, 18 തീയതികളിൽ കോളജ് അങ്കണത്തിലാണ് നടക്കുന്നത്. ‘ഹൃദയത്തിൽ ശ്രീകൃഷ്ണ’ എന്നപേരിൽ നടക്കുന്ന പരിപാടി ജൂലൈ 17ന് രാവിലെ 10ന് കേരള നിയമസഭ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളിൽ മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആർ. ബിന്ദു, ടി.എൻ. പ്രതാപൻ എം.പി, മുരളി പെരുനെല്ലി എം.എൽ.എ, എൻ.കെ. അക്ബർ എം.എൽ.എ, ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രഫ. വി.കെ. വിജയൻ, ജയരാജ് വാര്യർ തുടങ്ങിയവർ പങ്കെടുക്കും.ഗുരുവന്ദനം, പ്രഥമ പ്രതിഭ അവാർഡ് ദാനം, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവവിദ്യാർഥികളെ ആദരിക്കൽ, കുടുംബസംഗമം, കോളജ് മാഗസിനുകളുടെ പ്രദർശനം തുടങ്ങി വിപുലമായ പരിപാടികൾ ഹൃദയത്തിൽ ശ്രീകൃഷ്ണയോടനുബന്ധിച്ച് നടക്കും.പ്രിൻസിപ്പൽ ഡോ. എം.കെ. ഹരിനാരായണൻ, സംഘാടക സമിതി ചെയർമാൻ ഡോ. പി.എസ്. വിജോയ്, അലുമ്നി പ്രസിഡന്റ് കെ.ഐ. ഷബീർ തുടങ്ങിയവർ ഭാരവാഹികളായ സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഒമാനിലെ അലുമ്നിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ പ്രസിഡന്റ് രെജു മരക്കാത്തുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 93904889. വാർത്തസമ്മേളനത്തിൻ ഹൃദയത്തിൽ ശ്രീകൃഷ്ണ പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാനും ഒമാൻ അലുമ്നി പ്രസിഡന്റുമായ രെജു മരക്കാത്ത്, കമ്മിറ്റി അംഗങ്ങളായ സലീം മുഹമ്മദ്, ടി.പി. നസീർ, ഗംഗാധരൻ, റാഷിഫ്, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.