മനാമ: എത്ര ഉയർന്ന വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും ലഭിച്ചാലും ധാർമികത ജീവിതത്തിൽ നിലനിർത്തിപ്പോരുന്നില്ലെങ്കിൽ അവരുടെ ജീവിതം പരാജയപ്പെട്ടതായി കാണാമെന്നും, ദൈവഭയം വളർത്തുന്ന വിദ്യാഭ്യാസം വളരെ ചെറുപ്പം മുതലേ കുട്ടികൾക്ക് നൽകിയാൽ ജീവിതത്തിന്റെ നിഖില മേഖലകളിലും അവർക്ക് വിജയിക്കാനാവുമെന്നും തർബിയ ഇസ്‌ലാമിയായുടെ ഖുർആൻ പഠന കേന്ദ്രങ്ങളുടെ മേധാവി ഷെയ്ഖ് ഹസ്സൻ ത്വയ്യിബ് അഭിപ്രായപ്പെട്ടു. റയ്യാൻ സെന്റർ പുതിയ അധ്യയന വർഷാരംഭത്തോടെ സംഘടിപ്പിച്ച ‘ഫ്യുച്ചർ ലൈറ്റ്‌സ്’ എന്ന പരിപാടി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ നേടുന്ന ബഹുമതികളും സമ്മാനങ്ങളും രക്ഷിതാക്കൾക്ക് എത്രത്തോളം സന്തോഷം നല്കുന്നുവോ അതിനേക്കാളുപരി അവർ സമൂഹത്തിൽ നല്ലവരായിരിക്കുന്നു എന്നുകേൾക്കുമ്പോഴാണുണ്ടാവുക എന്നും, സമൂഹത്തിൽ നല്ലവരായിരിക്കാൻ ധാർമിക ബോധം വളർത്തുന്ന വിദ്യാഭ്യാസം അനിവാര്യമാണെന്നും തര്ബിയ ഇസ്‌ലാമിയയുടെ സയന്റിഫിക് തലവനും അൽ മന്നായി സെന്റർ കോർഡിനേറ്ററുമായ ഡോ. സഅദുല്ലാ അൽ മുഹമ്മദി അഭിപ്രായപ്പെട്ടു.’ഫ്യുച്ചർ ലൈറ്റ്‌സ്’ പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾക്കും, സമ്മർ ക്ലാസിൽ പങ്കെടുത്തവർക്കും സമ്മാനങ്ങളും മെമന്റോകളും വിശിഷടാഥിതികൾ നൽകി. രക്ഷിതാക്കളും കുട്ടികളും വിദ്യാർത്ഥികളുടെ വിവിധ കലാ-വൈജ്ഞാനിക പരിപാടികൾ ആസ്വദിച്ചു. സെന്റർ പ്രബോധകൻ സമീർ ഫാറൂഖി അതിഥികളുടെ പ്രസംഗം മൊഴിമാറ്റം നടത്തി. സുഹാദ്, നഫ്സിൻ എന്നിവർ റയ്യാൻ സ്റ്റഡി സെന്ററിൽ നടപ്പിലാക്കാൻ പോകുന്ന ഡിജിറ്റൽ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. സാദിഖ് ബിൻ യഹ്യ സ്വാഗതവും ഫക്രുദ്ദീൻ അലി അഹ്മദ് നന്ദിയും പറഞ്ഞു. മദ്രസ്സ പ്രിൻസിപ്പൽ അബ്ദു ലത്തീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു.