കുഞ്ഞിന്റെ തലയിൽ സ്റ്റീൽ കലം കുടുങ്ങി അവസാനം അഗ്നിശമനസേനഎത്തി

ekm-boy.jpg.image.576.432അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ഉമ്മയോടൊപ്പം കളിക്കുകയായിരുന്നു ആദിൽ. ഇടയ്ക്ക് ഉമ്മയൊന്നു ശുചിമുറിയിൽ പോയ നേരത്താണ് അടുക്കളയിൽ കഴുകി കമഴ്ത്തിവച്ചിരുന്ന സ്റ്റീൽ കലത്തിൽ കുഞ്ഞിനു കൗതുകം തോന്നിയത്. പൊക്കിയെടുത്ത കലത്തിൽ വായ് ചേർത്ത് ശബ്ദമുണ്ടാക്കി കളിക്കുന്നതിനിടെ കലം തലയിൽ കുടുങ്ങി. കലത്തിനുള്ളിലൂടെ കുഞ്ഞു പേടിച്ചു ശബ്ദമുണ്ടാക്കിയത് ഹസീന കേട്ടു. പന്തികേടു തോന്നി ഓടിയെത്തിയപ്പോൾ കണ്ടത് കലം പുറത്തെടുക്കാനാകാതെ കരയുന്ന ആദിലിനെയാണ്. കുഞ്ഞിനു ശ്വാസതടസ്സമുണ്ടാകാതിരിക്കാൻ മുഖത്തു നിന്നും കലം ഉയർത്തിയെടുക്കാൻ ഹസീനയ്ക്ക് കഴിഞ്ഞു. പക്ഷേ, തലയുടെ ഭാഗത്തു നിന്നു കലത്തിന്റെ വക്ക് വിട്ടുപോന്നില്ല.

തുടർന്ന് ബന്ധുവും അയൽവാസിയുമായ നാസിമിന്റെയും മറ്റും സഹായത്തോടെ കുഞ്ഞിനെ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാർ കുട്ടിയെ പരിശോധിച്ചു മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നു മനസ്സിലാക്കിയതോടെ കലം മുറിച്ചു മാറ്റാനായി പറവൂർ അഗ്നിശമനസേനയെ വിവരമറിയിച്ചു. അസി. സ്റ്റേഷൻ ഓഫിസർ വി.ജി. റോയ്, ലീഡിങ് ഫയർമാൻ യു.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് സൂക്ഷ്മതയോടെ കലത്തിന്റെ വക്ക് വെട്ടിമാറ്റി കുട്ടിയുടെ തലയിൽ നിന്ന് ഊരിയെടുക്കുകയായിരുന്നു.ആദ്യമൊന്ന് പകച്ചെങ്കിലും രക്ഷകരോട് ആദിൽ പരമാവധി സഹകരിച്ചു.കുന്നുകര വയൽക്കര ഇട്ടിയോടത്ത് സഗീറിന്റെയും ഹസീനയുടെയും മകനാണ് ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള ആദിൽ അമീൻ.കലം പുറത്തെടുത്തപ്പോൾ നന്ദിയുടെ പുഞ്ചിരിയും സമ്മാനിച്ചാണ് അവരെ യാത്രയാക്കിയത്.