മനാമ : ജീവിത പ്രാരാബ്ധം ചുമലിലേറ്റി കടൽ കടന്നു പവിഴദ്വീപിലെത്തിയ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സ്റ്റീഫൻ 27 വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു ….
1993 ൽ ബഹ്‌റൈനിലെത്തി പ്രവാസ ജീവിതം ആരംഭിച്ച സ്റ്റീഫൻ അഞ്ചു വർഷത്തോളം ഒരു സ്വദേശി പൗരന്റെ കീഴിൽ ജോലി ചെയ്തു. എന്നാൽ കാര്യമായ ജീവിത പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ലന്ന് മാത്രമല്ല തുടർച്ചയായി മാസങ്ങളോളം വേതനം ലഭിക്കാതെ വരികയും ചെയ്തതോടെ സ്റ്റീഫൻ അവിടുന്ന് മാറി മറ്റൊരു തൊഴിലിന് ശ്രമം ആരംഭിക്കുകയും ചെയ്തു . തുടർന്ന് തനിക്കനുയോജ്യമായ ഒരു തൊഴിൽ കണ്ടെത്താനാവാതെ വലഞ്ഞ സ്റ്റീഫൻ നിത്യവൃത്തിക്ക് വേണ്ടി വിസയില്ലാതെ ചെറിയ ജോലികൾ ചെയ്തും മറ്റും ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് ശരീരമാസകലം അലർജി ബാധിച്ചു രോഗത്തിന്റെ പിടിയിലാകുന്നത് …
വിസ കാലാവധി കഴിഞ്ഞു പുതിയ വിസയിലേക്ക് മാറാൻ കഴിഞ്ഞില്ലെങ്കിലും തന്റെ കുടുംബത്തിലെ പ്രാരാബ്ധങ്ങൾ ചിന്തിച്ചു കൊണ്ട് ഈ അവസ്ഥയിൽ ഒരു മടക്കം ആഗ്രഹിക്കാത്ത സ്റ്റീഫൻ തനിക്കു കഴിയാവുന്ന രീതിയിൽ ചെറിയ ചെറിയ ജോലികൾ ചെയ്തു വർഷങ്ങൾ കഴിഞ്ഞുപോയി … ശാരീരിക അവശതയും മറ്റു പ്രയാസങ്ങളും വർധിച്ചു വരുന്നതിനിടയിലാണ് തന്റെ നാട്ടുകാരനായ സതീശനെ കണ്ടുമുട്ടുന്നതും സതീശൻ കൂടെ താമസിപ്പിക്കുന്നതും. അതിനിടയിൽ സ്റ്റീഫന്റെ ദുരിത ജീവിതത്തെ കുറിച്ച് ഗൾഫ് മാധ്യമം പത്രത്തിൽ വന്ന വാർത്തയെ തുടർന്ന് ബഹ്‌റൈൻ കെ എം സി സി നേതാവ് സലാം മമ്പാട്ട് മൂല സ്റ്റീഫനുമായി ബന്ധപ്പെടുകയും കാര്യങ്ങൾ മനസ്സിലാക്കി ബഹ്‌റൈൻ കെ എം സി സിക്ക് മുമ്പാകെ അറിയിക്കുകയായിരുന്നു . ശേഷം മറ്റു കെ എം സി സി നേതാക്കളായ ഷാഫി പാറക്കട്ട , അഷ്‌റഫ് മഞ്ചേശ്വരം എന്നിവരുമായി ചേർന്ന് സ്റ്റീഫന്റെ പേരിലുള്ള എമിഗ്രേഷനിലെ പിഴയും എൽ എം ആർ എ യുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ നീക്കി സ്റ്റീഫന്റെ നാട്ടിലേക്കുള്ള യാത്രക്ക് അവസരമൊരുങ്ങുകയായിരുന്നു ..
ഏറെ കാലത്തെ ദുരിതപൂർണ്ണമായ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങണമെന്ന തന്റെ അതിയായ ആഗ്രഹം സ്റ്റീഫൻ കെ എം സി സി നേതാക്കൾക്ക് മുമ്പിൽ അറിയിച്ചതിനെ തുടർന്ന് ഇന്ന് കോഴിക്കേട്ടേക്ക് പുറപ്പെട്ട ബഹ്‌റൈൻ കെ എം സി സി യുടെ രണ്ടാമത്തെ ചാർട്ടേർഡ് ഫ്‌ളൈറ്റിൽ കെ എം സി സി സൗജന്യമായി ഒരു ടിക്കറ്റ് സ്റ്റീഫന് വാഗ്ദാനം ചെയ്യുകയും ഇന്നലെ രാത്രി മുഹറഖിലെ സ്റ്റീഫന്റെ താമസ സ്ഥലത്തു നേരിട്ടെത്തിയ ബഹ്‌റൈൻ കെ എം സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫയും സ്റ്റീഫന്റെ യാത്രാരേഖകൾ കൈമാറുകയും ചെയ്തു . തുടർന്ന് സ്റ്റീഫനെ നാട്ടിലേക്ക് അയക്കുന്നത് മായി ബന്ധപ്പെട്ട് കെ എം സി സി യോട് സഹകരിച്ച് കൂടെ നിന്ന കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹി ജോസ് , നാട്ടുകാരായ സതീശൻ , ജെയ്സൺ എന്നിവർക്ക്
കെഎംസിസി പ്രസിഡന്റ് ഹബീബുറഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു ..
ശിഷ്ടകാലം നാട്ടിൽ സഹോദരിയുടെ ഇഷ്ടപ്രകാരം സഹോദരിയുടെ കൂടെ കഴിയാനാണ് ആഗ്രഹമെന്നും ഒരിക്കലും നടക്കില്ല എന്ന് കരുതിയ തന്റെ ജന്മനാട്ടിലേക്കുള്ള മടക്കയാത്ര യാഥാർഥ്യമാക്കിയ കെ എം സി സിക്ക് സ്റ്റീഫൻ നിറകണ്ണുകളോടെ കടപ്പാട് അറിയിക്കുകയും ചെയ്തു .