മസ്കത്ത്: സ്റ്റിക്കര്‍ പാര്‍ക്കിങ് പെര്‍മിറ്റുകൾ നല്‍കുന്നത് നിര്‍ത്തലാക്കാൻ മസ്കത്ത് നഗരസഭ ഒരുങ്ങുന്നു. ഇ- ഗവേണന്‍സ് നടപടികള്‍ വേഗത്തിലാക്കുന്നതിന്‍െറ ഭാഗമായാണ് തീരുമാനം. സോണല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവര്‍ക്കായാണ് സ്റ്റിക്കര്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത്. ഇത് നഗരസഭാ ഓഫിസില്‍നിന്നാണ് നല്‍കുന്നത്. പേപ്പര്‍രഹിത ഓഫിസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് നഗരസഭയിലെ കാര്‍ പാര്‍ക്കിങ് മീറ്റര്‍ ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതരെ ഉദ്ധരിച്ച് മസ്കത്ത് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള സ്റ്റോക് തീരുന്ന മുറക്ക് ഇത് നിര്‍ത്തലാക്കുകയാണ് ലക്ഷ്യം. വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ നമ്പറും പാര്‍ക്കിങ്ങിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലവുമടങ്ങിയ വിവരങ്ങളാണ് സ്റ്റിക്കറില്‍ ഉള്ളത്. എന്നാല്‍, വാഹനത്തിന്‍െറ വിവരങ്ങളും പാര്‍ക്കിങ് അനുമതിയും അടക്കം വിവരങ്ങള്‍ നഗരസഭാ ജീവനക്കാരുടെ കൈവശമുള്ള റീഡറുകളില്‍ ഉള്ളപ്പോള്‍ സ്റ്റിക്കറുകള്‍ അധിക ചെലവാണെന്ന് നഗരസഭാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്റ്റിക്കര്‍ സംവിധാനം അവസാനിക്കുന്നതോടെ സോണല്‍ കേന്ദ്രങ്ങളിലെ പാര്‍ക്കിങ് പെര്‍മിറ്റിനായി നഗരസഭയില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായുള്ള ഫീസും ഓണ്‍ലൈനായി അടക്കാന്‍ സൗകര്യമുണ്ടാകും. ഈ വിവരങ്ങള്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുന്നത് വഴി നഗരസഭയുടെ പാര്‍ക്കിങ് പരിശോധനാ ജീവനക്കാര്‍ക്ക് ലഭ്യമാകും.