കൊച്ചി: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ചൈനയിലെ വുഹാൻ സർവകലാശാലയിൽനിന്നെത്തിയ വിദ്യാർഥിനിക്കാണു രോഗം. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. രോഗിയെ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തെ വിവരം അറിയിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിനു പിന്നാലെ വൈകുന്നേരം 3 മണിയോടെ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉന്നതതല യോഗം വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.ചൈനയിലെ വുഹാനിൽ നിന്നും അടുത്ത് വന്നിട്ടുള്ള എല്ലാവരും കേരളത്തിന്റെ കൊറോണ ഹെല്പ് ഡെസ്കിൽ ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
കേരളത്തിൽ ഒരു വിദ്യാർത്ഥിനിക്ക് കൊറോണ വൈറസ് രോഗം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധനും സ്ഥിരീകരിച്ചു. രോഗം കണ്ടെത്തുന്നതിനു മുൻപ് തന്നെ ഇന്ത്യ എല്ലാ പ്രതിരോധ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്.
കൊറോണ: കരുതലോടെ കേരളം; ആരോഗ്യ വകുപ്പ് ഗൈഡ്ലൈൻ പുറത്തിറക്കി
കരുതലോടെ കേരളം; ആരോഗ്യ വകുപ്പ് ഗൈഡ്ലൈൻ പുറത്തിറക്കി കേരളത്തിൽ 806 പേർ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇതിൽ 10 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 796 പേർ അവരുടെ വീടുകളിൽ കഴിയുന്നു. 20 പേരുടെ സാംപിളുകൾ പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. അതിൽ 10 പേർക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിരുന്നു.
കൊറോണയ്ക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ജനങ്ങൾ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണെന്നും ആരാഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
കൊറോണ: രോഗി ഐസലേഷൻ വാർഡിൽ, ഗുരുതരമല്ലെന്ന് ആരോഗ്യ മന്ത്രി
കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തുനിന്ന് അയച്ച 20 സാംപിളുകളിൽ ഒന്നിലാണ് കൊറോണ സ്ഥിരീകരിച്ചത്. അതിൽ പത്തു സാംപിളുകൾ നൈഗറ്റീവ് ആണ്. ആറെണ്ണം ലാബ് അധികൃതർ ഹോൾഡ് ചെയ്തിരിക്കുകയാണ്. രോഗം സംശയിച്ച് എെെസലേറ്റ് ചെയ്യപ്പെട്ട നാലു പേരിൽ ഒരു വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ട പരിശോധനയിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. രോഗി നിലവിൽ തൃശൂരിലെ ജില്ലാ ആശുപത്രിയിൽ ഐസലേഷൻ വാർഡിലാണ്. വിദ്യാർഥിനിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ചൈനയിലെ വുഹാൻ സർവകലാശാലയിൽനിന്നെത്തിയ വിദ്യാർഥിനിക്കാണു രോഗം സ്ഥിരീകരിച്ചത്. വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി വൈകിട്ടു തൃശൂരിലേക്കു പോകും. തൃശൂർ ജില്ലാ മെഡിക്കൽ ഓഫിസറുടേ നേതൃത്വത്തിൽ ഇപ്പോൾ യോഗം ചേരുകയാണ്. മന്ത്രി രാത്രി 10 മണിയോടെ തൃശൂരിലെത്തും. വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നത് മന്ത്രിയെത്തിയ ശേഷമെന്നാണ് പ്രാഥമിക വിവരം. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും രോഗിയെ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്.
വളരെയേറെ ശ്രദ്ധിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ചൈനയിൽനിന്ന് വന്നവരിൽ ചിലർ സ്വമേധയാ പരിശോധനയ്ക്ക് തയാറായിട്ടില്ല. ചുമ, പനി, ശ്വാസതടസം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഒരാൾ പോലും മരിക്കരുതെന്നാണ് സർക്കാർ ലക്ഷ്യം. പൂർണ ആരോഗ്യവാനായ വ്യക്തിയിൽ വൈറസ് ബാധ മരണകാരണമാകാറില്ല. എന്നാൽ ഹൃദ് രോഗമുള്ളവർ, ഗർഭിണികൾ എന്നിവരിൽ മരണസാധ്യത കൂടുതലാണ്.
|