മനാമ:ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കായികാധ്യാപകരുടെയും ക്ലാസ് ടീച്ചർമാരുടെയും മാർഗനിർദേശപ്രകാരം കുട്ടികൾ വിവിധതരം ശ്വസന വ്യായാമങ്ങളും ആസനങ്ങളും ചെയ്തു യോഗയോടുള്ള അഭിനിവേശം പ്രകടിപ്പിച്ചു. സംഗീത അകമ്പടിയോടെ ശരീരത്തെയും മനസിനെയും ഊർജസ്വലമാക്കുന്ന മറ്റ് യോഗാസനങ്ങളും വിദ്യാർത്ഥികൾ പരിശീലിച്ചു.വ്യായാമം മനസ്സിന്റെയും ശരീരത്തിന്റെയും ക്ഷേമത്തെ വർധിപ്പിക്കുമെന്നതിനാൽ, ദിനചര്യയുടെ ഭാഗമായി യോഗ ഉൾപ്പെടുത്താൻ അധ്യാപികമാർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. യോഗയുടെ മൂല്യം ഊന്നിപ്പറയുന്ന ചാർട്ടുകൾ വിദ്യാർത്ഥികൾ സൃഷ്ടിച്ചു. ഒരുമ വിളിച്ചോതുന്ന “വസദേവ കുടുംബകം” എന്ന അടിസ്ഥാന പ്രമേയത്തോടെയാണ് ഈ വർഷം യോഗ ദിനം ആഘോഷിക്കുന്നത്.ഇന്ത്യയുടെ ദൃഢമായ പരിശ്രമ ഫലമായാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വാർഷിക അനുസ്മരണം. സ്കൂൾ അധ്യാപികമാർ വെർച്വൽ യോഗ സെഷനുകളിൽ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുകയും ചെയ്തു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപികമാരെയും അനുമോദിച്ചു.