സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ ആദിശ്രീ സോണിക്ക് സമ്മാനം

മനാമ: മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യലാപന മത്സരത്തിലെ സീനിയർ വിഭാഗത്തിൽ ബഹ്റൈൻ ചാപ്റ്ററിൽ നിന്നും മത്സരിച്ച ആദിശ്രീ സോണിക്ക്  രണ്ടാം സ്ഥാനം ലഭിച്ചു.മേഖലാ തലത്തിലും ചാപ്റ്റർ തലത്തിലുമായി ആയിരത്തിലധികം കുട്ടികൾ മത്സരിച്ചതിൽ നിന്നും അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്ത പത്ത് പേരിൽ നിന്നുമാണ് വിജയികളെ പ്രഖ്യാപിച്ചത്.പ്രശസ്ത കവികളായ കുരീപ്പുഴ ശ്രീകുമാർ, ഗിരീഷ് പുലിയൂർ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , കെ.പി.സുധീര എന്നിവർ അടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.മലയാളം മിഷൻ ആഗോളതലത്തിൽ മികച്ച സാംസ്കാരിക സംഘടനയ്ക്കായി ഏർപ്പെടുത്തിയ സുഗതാഞ്ജലി പുരസ്കാരം സമാജത്തിന് ലഭിച്ചതിനു പിന്നാലെയുള്ള ഈ സമ്മാന നേട്ടം ചാപ്റ്ററിന് അഭിമാനം പകരുന്നതായി ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു എം.സതീഷും അറിയിച്ചു.തിരുവനന്തപുരത്ത് നടന്നു വരുന്ന മലയാണ്മ 2024 നോടനുബന്ധിച്ച് നാളെ പുരസ്കാരങ്ങൾ വിതരണം ചെയ്യും.ഏഷ്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആദിശ്രി, ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയിൽ നിന്നും സീനിയർ ഹയർ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ അദ്യ പഠിതാക്കളിൽ ഒരാളുമാണ്.മലയാളം മിഷൻ ചാപ്റ്റർ പ്രവർത്തകനായ സോണിയുടെയും, മലയാളം മിഷൻ അധ്യാപികയായ.പ്രസീന സോണിയുടെയും  മകളാണ്.