ആശാൻ കവിതകളുമായി സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം

മനാമ: പ്രശസ്ത കവിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരിയുടെ സ്മരണാർഥം, മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന  കാവ്യാലാപന മത്സരമായ സുഗതാഞ്ജലി രണ്ടാം പതിപ്പിൻ്റെ ചാപ്റ്റർ തല മത്സരങ്ങൾ 2022 ജനുവരി 21 വെള്ളിയാഴ്ച നടക്കും.മഹാകവി കുമാരനാശാൻ്റെ കൃതികളെ ആസ്പദമാക്കിയാണ് ഈ വർഷത്തെ സുഗതാഞ്ജലി മത്സരങ്ങൾ. മത്സരത്തിൽ പങ്കെടുക്കുന്നവർ 16 വരിയെങ്കിലും കാണാതെ അക്ഷരസ്ഫുടതയോടെ ചൊല്ലിയിരിക്കണം.ചാപ്റ്റർ തല മത്സരത്തിൽ 1,2,3 സ്ഥാനങ്ങളിലെത്തുന്നവരായിരിക്കും ബഹ്റൈൻ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ആഗോള മത്സരത്തിൻ്റെ ഫൈനലിൽ പങ്കെടുക്കുക.ചാപ്റ്റർ തലത്തിൽ വിജയികളാകുന്നവർക്ക് ബഹ്റൈൻ ചാപ്റ്റർ നൽകുന്ന സമ്മാനങ്ങൾക്ക് പുറമെ മലയാളം മിഷൻ നൽകുന്ന പ്രത്യേക സർട്ടിഫിക്കേറ്റും നൽകുന്നതാണെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.പത്ത് വയസ്സുവരെയുള്ള കുട്ടികൾക്ക് ജൂനിയർ വിഭാഗത്തിലും 10 മുതൽ 16 വയസ്സുവരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈ മാസം10 നകം അതാത് പഠനകേന്ദ്രങ്ങളിൽ പേര് നൽകണം.മത്സരങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് :രജിത അനി 38044694,
ലത  മണികണ്ഠൻ 33554572.