സുല്‍ത്താന്‍ ഖാബൂസിന്‍െറ ജീവിതകഥ പറയുന്ന വെബ്സൈറ്റ് ഇനി മലയാളത്തിലും വായിക്കാം

sulthanമസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്‍െറ ജീവിതകഥ പറയുന്ന www.oman-qaboos.net എന്ന വെബ്സൈറ്റ് ഇനി മലയാളത്തിലും വായിക്കാം. നാലു പതിറ്റാണ്ടിലധികമായി ഒമാനെ നയിക്കുന്ന പ്രിയ ഭരണാധികാരിയുടെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെക്കുന്ന വെബ്സൈറ്റ് അറബിയും മലയാളവുമടക്കം 25 ഭാഷകളില്‍ ലഭ്യമാണ്.

മലയാളത്തിന് പുറമെ ഹിന്ദി മാത്രമാണ് ഇന്ത്യന്‍ ഭാഷയായി ഉള്ളത്. ഈ വര്‍ഷം തന്നെ തമിഴ് അടക്കം അഞ്ച് ഭാഷകളില്‍ കൂടി വെബ്സൈറ്റ് ലഭ്യമാക്കുമെന്ന് വെബ്സൈറ്റിന്‍െറ പിന്നിലുള്ള ഹമൂദ് മുഹമ്മദ് അല്‍ അസ്രി പറഞ്ഞു. 29കാരനായ അസ്രി ഒരു ദശാബ്ദത്തിന് മുമ്പാണ് വെബ്സൈറ്റിന് തുടക്കമിടുന്നത്. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജിയില്‍ വിദ്യാര്‍ഥിയായിരിക്കെ ഒരു ഓണ്‍ലൈന്‍ സുഹൃത്ത് സുല്‍ത്താന്‍ ഖാബൂസിനെ കുറിച്ച് ചോദിച്ചതാണ് ഇതിന് പ്രേരണയായത്.

സുല്‍ത്താനെ കുറിച്ച് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു വെബ്സൈറ്റിന്‍െറ അഭാവം അല്‍ അസ്രി മനസ്സിലാക്കി. രണ്ടുവര്‍ഷത്തെ പഠനത്തിന് ശേഷമാണ് വെബ്സൈറ്റ് ആരംഭിച്ചത്. ഇതിനിടെ, ജോലി ലഭിച്ചെങ്കിലും തന്‍െറ സ്വപ്നസാക്ഷാത്കാരമായ വിവിധ ഭാഷാവെബ്സൈറ്റ് യാഥാര്‍ഥ്യമാക്കുന്നതിനായി ജോലി ഉപേക്ഷിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി വെബ്സൈറ്റിന്‍െറ വിപുലീകരണ ജോലികള്‍ മാത്രമാണ് ഇദ്ദേഹം ചെയ്തുവരുന്നത്. ഇദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് സുല്‍ത്താന്‍െറ ഓഫിസിന്‍െറ സജീവ പിന്തുണയും ഉണ്ട്. ഹോം പേജില്‍ കയറി ആവശ്യമുള്ള ഭാഷ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.

പ്രമുഖ ഭാഷകള്‍ക്കുപുറമെ സ്വാഹിലി, എസ്റ്റോണിയന്‍ തുടങ്ങിയ ഭാഷകളില്‍ വെബ്സൈറ്റ് ലഭ്യമാണ്. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് വെബ്സൈറ്റ് ഹിന്ദിയിലേക്കും മലയാളത്തിലേക്കും മൊഴിമാറ്റിയത്. വിവിധ ഭാഷകളില്‍ വെബ്സൈറ്റ് ഒരുക്കാന്‍ അതത് എംബസികളുടെ സഹകരണം വിസ്മരിക്കാന്‍ കഴിയാത്തതാണെന്ന് ഹമൂദ് പറയുന്നു. സുല്‍ത്താനെ ലോകത്തിന് മുന്നില്‍ കൂടുതലായി പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇദ്ദേഹത്തിന്‍െറ ശ്രമങ്ങളെ അഭിനന്ദിച്ച് വിവിധ രാഷ്ട്ര തലവന്മാര്‍ നല്‍കിയ പ്രശംസാ സര്‍ട്ടിഫിക്കറ്റുകളില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേതും ഉണ്ട്.

ഇന്ത്യയെയും കേരളത്തെയും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഹമൂദ് മുഹമ്മദ് അല്‍ അസ്രി. പതിനഞ്ചോളം തവണ ഇന്ത്യയില്‍ വന്നിട്ടുള്ള ഇദ്ദേഹം മൂന്നു തവണ കേരളത്തിലും വന്നിട്ടുണ്ട്. ചികിത്സാര്‍ഥം അടുത്ത ഞായറാഴ്ച തിരുവനന്തപുരത്തേക്ക് യാത്രതിരിക്കാനിരിക്കുകയാണ് ഇദ്ദേഹം. മലയാളം കേള്‍ക്കാന്‍ സുഖമുള്ള ഭാഷയാണെങ്കിലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഷയാണെന്ന് അസ്രി പറയുന്നു.

നിരവധി പുരസ്കാരങ്ങളും വെബ്സൈറ്റിന് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ മികച്ച നാഷനല്‍ വെബ്സൈറ്റിനുള്ള അവാര്‍ഡിന് പുറമെ മികച്ച പെഴ്സനല്‍ വെബ്സൈറ്റ്, പാന്‍ അറബ് പുരസ്കാരങ്ങളിലെ ഗോള്‍ഡന്‍ അവാര്‍ഡ് മൂന്നു തവണയും ലഭിച്ചിട്ടുണ്ട്. മിഡിലീസ്റ്റിലെ പ്രസിഡന്‍റുമാരുടെയും രാജാക്കന്മാരുടെയും മികച്ച വെബ്സൈറ്റുകള്‍ക്ക് നല്‍കുന്ന അവാര്‍ഡ് നാലു തവണയും ഈ വെബ്സൈറ്റിന് ലഭിച്ചിട്ടുണ്ട്. പുസ്തക രചനയിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. മുപ്പത് ഭാഷകളില്‍ സുല്‍ത്താന്‍െറ ജീവചരിത്രം പറയുന്ന പുസ്തകം വരുന്ന നവംബറില്‍ പുറത്തിറക്കുമെന്നും അല്‍ അസ്രി പറഞ്ഞു.