മനാമ: കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രവാസികളോടുള്ള വഞ്ചനയാണെന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍. പ്രവാസികൾ മണലാര്യണത്തിലടക്കം അധ്വാനിച്ച് അവരുടെ വിയർപ്പിൻെറ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നത് എന്ന കാര്യം ആരും മറന്നുപോകരുത് എന്നും പ്രവാസി സഹോദരങ്ങൾ നാടിൻെറ നട്ടെല്ലാണെന്നും എല്ലാ ദിവസത്തെയും പത്ര സമ്മേളനത്തില്‍ ആവർത്തിച്ച മുഖ്യമന്ത്രി ആ പറഞ്ഞതിൽ ആത്മാർഥത ഉണ്ടെങ്കില്‍ ക്വാറന്റൈൻ ചിലവ് പ്രവാസികൾ തന്നെ വഹിക്കണമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറണം.
കോവിഡ് പ്രതിസന്ധിമൂലം മാസങ്ങളായി ജോലിയോ വരുമാനമോ ഇല്ലാതെ ഭക്ഷണത്തിന് പോലും സന്നദ്ധ സംഘടനകളെ ആശ്രയിച്ച് കഴിയുന്ന പ്രവാസികളോടാണ് നാട്ടിലെ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്. ഈ നിരുത്തരവാദപരമായ സമീപനത്തില്‍ നിന്നും സർക്കാർ പിന്തിരിയണം എന്നും എല്ലാ പ്രവാസി സംഘടനകളും രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങളും ഇതിനെതിരെ പ്രതികരിക്കണം എന്നും പ്രസ്താവനയിൽ പറഞ്ഞു.
—