മസ്‌കറ്റ്: കേരളത്തിൽ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധി ചർച്ചചെയ്യാൻ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ സുന്നഹദോസ് വിളിച്ചുചേർക്കുന്നു.മസ്‌കറ്റ് ഗാലാ സെയ്ന്റ് മർത്തശ്‌മൂനി പള്ളിയിൽ വ്യാഴാഴ്ച (ഇന്ന് ) (വൈകുന്നേരം മൂന്നരയ്ക്ക് ബാവായെത്തും. തുടർന്ന് സുന്നഹദോസ് ചേരും. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് വിശുദ്ധ കുർബാനയ്ക്കുശേഷം സുന്നഹദോസ് തുടരും. വൈകീട്ട് അഞ്ചരയ്ക്ക് ബാവാ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കും. രാത്രിയോടെ സുന്നഹദോസ് സമാപിക്കും.
ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭയിലെയും സിംഹാസനപ്പള്ളികളിലെയും ക്‌നാനായ അതിഭദ്രാസനത്തിലെയും സുവിശേഷ സമാജത്തിലെയും മെത്രാപ്പൊലീത്തമാർ പങ്കെടുക്കും. കേരളത്തിൽനിന്ന് 33 മെത്രാപ്പൊലീത്തമാരാണ് പങ്കെടുക്കുക. ആരോഗ്യ പ്രശ്‌നങ്ങളാൽ മൂന്നുപേർ പങ്കെടുക്കില്ല. സിറിയയിലെ സിനഡ് സെക്രട്ടേറിയറ്റിലെ ഏഴു മെത്രാപ്പൊലീത്തമാരും പങ്കെടുക്കും.
അത്യപൂർവമെന്നാണ് സുന്നഹദോസിനെ യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വിശേഷിപ്പിച്ചത്.‘പള്ളികളിൽനിന്ന് ആട്ടിയിറക്കപ്പെടുന്ന യാക്കോബായ സഭാവിശ്വാസികളുടെ പ്രതിസന്ധിയും അനുബന്ധപ്രശ്‌നങ്ങളും ചർച്ചചെയ്യാനാണ് ഇതു വിളിച്ചുചേർക്കുന്നത്.
കേരളത്തിലെ സഭയുടെ സ്ഥിതി വളരെ മോശമാണ്. പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ ഇക്കാര്യം ചർച്ചചെയ്യുന്നുവെന്നതിന് വലിയ പ്രാധാന്യമാണുള്ളത്. സുന്നഹദോസിന്റെ തീരുമാനങ്ങൾ വളരെ വിലപ്പെട്ടതും’- അദ്ദേഹം പറഞ്ഞു.
സുന്നഹദോസ് മസ്‌കറ്റിൽ നടത്തുന്നതിന്റെ ചുമതല വഹിക്കുന്നത് കമാൻഡർ തോമസ് അലക്‌സാണ്ടറാണ്. ഇവിടെ സെയ്ന്റ് മർത്തശ്‌മൂനി പള്ളി പണിയാൻ നേതൃത്വം നൽകിയതും അദ്ദേഹമാണ്.