തണൽ ചാർട്ടർഡ് വിമാനം ജൂലൈ 27 ന്

മനാമ: കോവിഡ് കാല ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നാടണയാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി കോഴിക്കോട് കരിപ്പൂരിലേക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ ഒരുക്കുന്ന ചാർട്ടഡ് ഫ്ലൈറ്റ് ഈ വരുന്ന 27 നു പറന്നുയരുമെന്ന് ചാപ്റ്റർ പ്രസിഡണ്ട് അബ്ദുൽ മജീദ്‌   അറിയിച്ചു.ഇക്കഴിഞ്ഞ മാർച്ച് മുതൽ കോവിഡ് – 19 രോഗബാധയോടനുബന്ധിച്ച് തണൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കയാണ്. തൊഴിൽ നഷ്ടത്തിലൂടെയും മറ്റും പ്രയാസമനുഭവിക്കുന്ന വർക്കിടയിലേക്ക് ഭക്ഷണപ്പൊതികളുമായി ആദ്യം കടന്ന് വന്ന സംഘടനകളിൽ “തണൽ ബഹ്‌റൈൻ ചാപ്ടർ” മുൻ നിരയിലുണ്ടായിരുന്നു. തണലിന്റെ നേതൃത്വത്തിലായിരുന്നു അത്തരമൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.പിന്നീട് റമദാൻ  കിറ്റുകളുമായി പ്രവാസികളുടെ ഇടയിൽ തണൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. പ്രവാസികൾ നാട്ടിലേക്ക് തിരിച്ച് പോക്ക് തുടങ്ങിയപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളെ എന്നും ചേർത്ത് പിടിക്കാറുള്ള തണൽ അവർക്കുള്ള ടിക്കറ്റുകൾ സൗജന്യമായി നൽകാമെന്ന ആശയവുമായി മുന്നോട്ട് വരികയായിരുന്നു.പ്രവാസി യാത്രാ മിഷൻ പ്രയാസമനുഭവിക്കുന്നവർക്കായി ബഹ്‌റൈനിൽ നിന്നും സൗജന്യ വിമാനം ഏർപ്പെടുത്തിയപ്പോൾ ടിക്കറ്റുകളും വളണ്ടിയർ സേവനങ്ങളും നൽകി തണൽ സഹകരിച്ച കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു.   അതിന്റെ തുടർച്ചയായി ഇപ്പോൾ നടത്താൻ പോകുന്ന ചാർട്ടഡ് വിമാനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ യാത്ര ഏർപ്പാട് ചെയ്യാനും ഏറ്റവും അർഹരായവർക്ക് സൗജന്യ യാത്ര ഒരുക്കാനും ശ്രമിക്കുന്നതാണെന്ന് അദ്ദേഹം ഉറപ്പ് നൽകി. വിശദ വിവരങ്ങൾക്ക് മുജീബ് മാഹി, ഹമീദ് പോതിമഠത്തിൽ എന്നിവരെ 334 335 30, 39 466 399   എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.