ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു

464778-taxcollageഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവ് എടുത്തുകളയുകയും ചെയ്തു. അടുത്ത സാന്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി നിരക്ക് നിലവില്‍ വരും.പന്ത്രണ്ട് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമായാണ് ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രതിവര്‍ഷം മുപ്പതിനായിരം ഒമാനി റിയാലില്‍ താഴെ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന നികുതി ഇളവാണ് എടുത്തു കളഞ്ഞത്. ഈ സ്ഥാപനങ്ങള്‍ ഇനി മുതല്‍ മൂന്നു ശതമാനം ആദായ നികുതി നല്‍കണം. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഖനന കന്പനികള്‍ തുടങ്ങിയ എല്ലാം നികുതി സംവിധാനത്തിന്‍റെ കീഴില്‍ വരും. 2017 സാന്പത്തിക വര്‍ഷം മുതലായിരിക്കും പുതിയ നികുതി സംവിധാനം നിലവില്‍ വരുകയെന്ന് ഒമാന്‍ ധനമന്ത്രാലയത്തിന്‍റെ ഉത്തരവില്‍ പറയുന്നു. നികുതി വെട്ടിപ്പ് തടയുന്നതിനും നികുതി സംവിധാനം കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇളവുകള്‍ ഒഴിവാക്കിയത്.ഉയര്‍ന്ന വരുമാനമുള്ള കന്പനികള്‍ വ്യാജരേഖകള്‍ ചമച്ച് വരുമാനം മുപ്പതിനായിരം റിയാലില്‍ താഴെയാണെന്ന് കാണിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലഘുവായ നടപടി ക്രമങ്ങളിലൂടെ നികുതി അടയ്ക്കുന്നതിന് സൗകര്യം ഒരുക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആദായ നികുതി നിരക്ക് 15 ശതമാനമായി വര്‍ധിപ്പിച്ചെങ്കിലും 25 ശതമാമെന്ന ആഗോള ശരാശരിയേക്കാള്‍ ഏറെ താഴെയാണ് ഒമാന്‍ ഇപ്പോഴുള്ളതെന്നും ധനമന്ത്രാലയം അറിയിച്ചു.