മസ്കറ്റ് : സെലക്ടീവ് ടാക്സ് നിയമപ്രകാരം മദ്യത്തിന് ഏർപ്പെടുത്തിയ നൂറു ശതമാനം എക്സൈസ് തീരുവ അമ്പത് ശതമാനമായി കുറക്കാനുള്ള തീരുമാനം പഠനത്തിന് ശേഷമാണ് നടപ്പാക്കിയതെന്ന് ധനകാര്യമന്ത്രാലയം പ്രതിനിധി. ടാക്സേഷൻ ജനറൽ സെക്രട്ടറിയേട്ടറ്റിന്റെ റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് തീരുമാനം കൈകൊണ്ടത്.
ആറുമാസത്തേക്ക് ആയിരിക്കും 50 ശതമാനം നികുതിയിളവ് പ്രാബല്യത്തിൽ ഉണ്ടായിരിക്കുക. ചില മേഖലകളിലുണ്ടായ ആഘാതം പരിഹരിക്കുന്നതും കള്ളക്കടത്ത് കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് നികുതിയിളവിനുള്ള തീരുമാനമെന്ന് ധനകാര്യ മന്ത്രാലയത്തിലെ മാക്രോ ഇക്കണോമിക് പോളിസി യൂനിറ്റിലെ ഖാലിദ് അൽ ബുസൈദി പറഞ്ഞു. നികുതിയിളവ് നീട്ടാനുള്ള സാഹചര്യം തള്ളിക്കളയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 15നാണ് സെലക്ടീവ് ടാക്സ് നിലവിൽ വന്നത്. മദ്യത്തിനൊപ്പം പുകയില, ഊർജ പാനീയങ്ങൾ, പന്നിയിറച്ചി എന്നിവക്ക് നൂറുശതമാനവും കാർബണേറ്റഡ് ശീതളപാനീയങ്ങൾക്ക് 50 ശതമാനം നികുതിയുമാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് കഴിഞ്ഞ ബുധനാഴ്ചയാണ് മദ്യത്തിന്റ നികുതി 50 ശതമാനമായി കുറച്ചത്. പുതിയ നികുതി സമ്പ്രദായം വഴി ഒമാന് നൂറു ദശലക്ഷം റിയാലിന്റെ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.