ന്യൂഡല്‍ഹി: മൾട്ടി പർപ്പസ് സെഗ്മെന്റിൽ ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ലക്ഷ്വറി എം.പി.വി സെഗ്മെന്റില്‍ പുതിയ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടൊയോട്ട. ജാപ്പനീസ് മാര്‍ക്കറ്റില്‍ വന്‍ വിജയം തുടരുന്ന ലക്ഷ്വറി അല്‍ഫാര്‍ഡിനെയാണ് ഇന്ത്യയിലേക്കെത്തിക്കാന്‍ കമ്ബനി തീരുമാനിച്ചിരിക്കുന്നത്.ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട 2002ല്‍ പുറത്തിറക്കിയ അല്‍ഫാര്‍ഡിനെ നേരത്തെ റഷ്യ, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു.ഇന്നോവയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നിരത്തിലെത്തിച്ച ഡീസല്‍ എഞ്ചിന് ക്രിസ്റ്റയും മികച്ച മുന്നേറ്റമാണ് തുടക്കത്തില്‍ നല്‍കിയിരുന്നത്. എന്നാല്‍ പരിസ്ഥിതി മലിനീകരണം കാണക്കിലെടുത്ത് ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങളെ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് 1700 കോടിയുടെ നഷ്ടമാണ് ടെയോട്ടയ്ക്കുണ്ടാക്കിയത്.കഴിഞ്ഞ മാസമാണ് നിരോധന ഉത്തരവ് കോടതി പിന്‍വലിച്ചത്. ഇതോടെയാണ് കൂടുതല്‍ വിപണി പിടിക്കാന്‍ അല്‍ഫാര്‍ഡിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കമ്ബനി തീരുമാനിച്ചത്. ഏകദേശം 50 ലക്ഷമായിരിക്കും വാഹനത്തിന് ഇന്ത്യയിലെ വിപണി വില. ആറു മുതല്‍ എട്ടു പേര്‍ക്കിരുന്ന് യാത്ര ചെയ്യാവുന്ന അല്‍ഫാര്‍ഡില്‍ 2.4 ലീറ്റര്‍ ഹൈബ്രിഡ് ഓട്ടോമാറ്റിക് എഞ്ചിനാണ് കമ്ബനി ഉപയോഗിച്ചിരിക്കുന്നത്. ആഡംബര ശ്രേണിയാണെങ്കിലും കൂടുതല്‍ ഇന്ധന ക്ഷമത ഇതിലൂടെ ഉറപ്പുവരുത്താം.150 ബിഎച്ച്പി കരുത്തും 206 എന്‍എം ടോര്‍ക്കും എഞ്ചിന് നല്‍കും. ഫൈവ് സ്പീഡ് ഓട്ടോമാറ്റിക്, ഫൈവ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു ചലിക്കുന്ന കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്നതാണ് വാഹനത്തിന്റെ ഇന്റീരിയര്‍. നിലവില്‍ ഇന്ത്യന്‍ നിരത്തിലുള്ള എംപിവി വാഹനങ്ങലില്നിന്ന് തീര്‍ത്തും വ്യത്യസ്തമായ ബോക്സി എക്സ്റ്റീരിയര്‍ ഡിസൈനാണ് കാറിനുള്ളത്.വ്യത്യസ്തമായ വിന്‍ഡോ ഗ്ലാസുകളും ഫ്രണ്ട് ബമ്ബറും ഗ്രില്ലും വാഹനത്തിന് പുതുമ നല്‍കുന്നതാണ്. എല്‍ഇഡി റൂഫ് ലൈറ്റിങ്, ഓട്ടോമാറ്റിക് സെന്റര്‍ ഡോര്‍, സ്മാര്‍ട്ട് എന്‍ട്രി ആന്‍ഡ് പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നീ സൗകര്യങ്ങള്‍ അല്‍ഫാര്‍ഡിലുണ്ട്. മോഡല്‍ എപ്പോള്‍ പുറത്തിറക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങല്‍ കമ്ബനി നല്‍കിയിട്ടില്ല.