
ഒമാൻ : ബഹിരാകാശ മേഖലയിൽ ചരിത്രപരമായ മറ്റൊരു കുതിപ്പിനൊരുങ്ങി ഒമാൻ.. ജൂലൈ 8 നു വൈകീട്ട് 10 മുതൽ 9 നു രാവിലെ ആറുവരെയാണ് വിക്ഷേപണം ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.. അതിനാലാണ് 8, 9 തീയതികളിൽ അൽ വുസ്ത തീരത്ത് സമുദ്ര പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് … അൽ ജാസിർ വിലായത്തിലെ അൽ കഹൽ പ്രദേശത്തും ദുകം വിലായത്തിലെ ഹിതം പ്രദേശത്തുനിന്നുമായിരിക്കും പരീക്ഷണ വിക്ഷേപണം. സ്റ്റെല്ലാർ കൈനറ്റിക്സുമായി സഹകരിച്ചാണ് വിക്ഷേപണം നടത്തുന്നത്. ഒമാനിലെ ബഹിരാകാശ പ്രവർത്തനങ്ങൾക്കായി ഒരു ദേശീയ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് വിക്ഷേപണമെന്ന് അധികൃതർ അറിയിച്ചു. റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന് തയാറെടുക്കുന്നതിനാൽ അൽ വുസ്ത തീരത്ത് സമുദ്ര പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. മത്സ്യത്തൊഴിലാളികളോടും കടൽ യാത്രക്കാരോടും എല്ലാ സുരക്ഷാ നിർദേശങ്ങളും പാലിക്കാനും വിക്ഷേപണ സമയത്ത് നിയുക്ത പ്രദേശം ഒഴിവാക്കാനും ആവശ്യപ്പെട്ടു. ഈ വർഷം അഞ്ച് റോക്കറ്റുകൾ വിക്ഷേപിക്കുമെന്ന് ഇത്തലാഖ് സ്പേസ്പോർട്ട് അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ആദ്യത്തെ പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ചരിത്രനേട്ടമാണ് സ്പേസ്പോർട്ട് സ്വന്തമാക്കിയത്. അന്ന് സമുദ്രനിരപ്പിൽനിന്ന് 140 കിലോമീറ്റർ ഉയരത്തിലായിരുന്നു റോക്കറ്റ് പറന്നുയർന്നത്. 2027 ഓടെ പൂർണ തോതിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുക എന്ന ലക്ഷ്യത്തേടെ ഇത്തലാക്കിന്റെ ‘ജെനസിസ് പ്രോഗ്രാ’മിലൂടെ ഒമാൻ ലക്ഷ്യമിടുന്നത്.







