മസ്‌കറ്റ് എയര്‍പോര്‍ട്ടിന്റെ പുതുക്കല്‍ നടപടികള്‍ക്കായി ടെന്‍ഡർ വിളിക്കുന്നു.

മസ്‌കറ്റ്: മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പുതുക്കിപ്പണിയലിന്റെ ഭാഗമായി വിവിധ കമ്പനികളെ ടെന്‍ഡറിന് ക്ഷണിച്ചു. പുതിയൊരു വെയര്‍ഹൗസ് നിര്‍മ്മിക്കുന്നതിന് പുറമെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ പുതുക്കിപ്പണിയലിനുമാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. അന്താരാഷ്ട്ര, പ്രാദേശിക കമ്പനികള്‍ക്ക് ടെന്‍ഡര്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. എയര്‍പോര്‍ട്ടിന് പുതിയ മുഖം നല്‍കുകയാണ് പുതുക്കി നിര്‍മ്മാണത്തിലൂടെ ഉദ്യേശിക്കുന്നത്.സ്റ്റോറേജ്‌സിസ്റ്റം, ഉപകരണങ്ങള്‍, മെയിന്റനന്‍സ് വര്‍ക്കിനുള്ള ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യാനും സ്ഥാപിക്കാനും സാധിക്കുന്ന കമ്പനികള്‍ക്കായും ഒഎഎംസി അന്വേഷണം നടത്തുന്നുണ്ട്. ടെന്‍ഡര്‍ വിളിക്കുന്ന ദിനത്തെക്കുറിച്ച് കമ്പനി പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവില്‍ മിഡില്‍ ഈസ്റ്റിലെ പത്ത് മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിലുള്ളതാണ് മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. പ്രതിവര്‍ഷം 7.9ശതമാനത്തിന്റെ വളര്‍ച്ചയാണ് ശരാശരിയായി വിമാനത്താവളത്തിനുള്ളത്.വരുന്ന 2020 ഓടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 20 വിമാനത്താവളങ്ങളുടെ പട്ടികയില്‍ മസ്‌കറ്റ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തെ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.