മനാമ: മുഹറഖിനെയും മനാമയെയും ബന്ധിപ്പിക്കുന്ന കോസ്വേക്കുള്ള ടെൻഡർ ക്ഷണിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. സൗദി ഡെവലപ്മെന്റ് ഫണ്ടിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബഹ്റൈൻ നോർത്തേൺ റോഡിന്റെ നാലാംഘട്ടമെന്ന നിലക്കാണ് ഇതുൾപ്പെടുത്തിയിട്ടുള്ളത്. മുഹറഖിനെയും മനാമയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാലാമത്തെ പാലമായിരിക്കുമിത്. കോസ്വേ രണ്ട് ഭാഗമായിട്ടായിരിക്കുമുണ്ടാവുക.
ആദ്യം അൽസായയിൽനിന്ന് ഫിനാൻഷ്യൽ ഹാർബറിലേക്കും ഒരെണ്ണം അൽ സായയിൽനിന്ന് അൽ ഫാതിഹ് ഹൈവേയിലേക്കെത്തുന്ന മൂന്നുലൈനുകളുള്ള വൺവേ പാലവുമാണുണ്ടാവുക. ഫിനാൻഷ്യൽ ഹാർബറിലേക്കുള്ള കോസ്വേ 482 മീറ്ററായിരിക്കും. ഓരോ വശത്തും അഞ്ചുവീതം ലൈനുകളാണുണ്ടാവുക. ബുസൈതീൻ, ദേർ, സമാഹിജ് എന്നിവിടങ്ങളിലേക്കെത്തുന്ന രണ്ട് ലൈനോടുകൂടിയ മൂന്ന് കിലോമീറ്റർ നീളത്തിലുള്ള റോഡും പദ്ധതിയിലുണ്ട്.