മനാമ: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ നാളെ (വ്യാഴം) മുതൽ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിക്കുവാൻ ഇന്ത്യൻ സ്‌കൂൾ നടപടി സ്വീകരിച്ചു. എൽ.കെ. ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങൾ അവരവരുടെ വീടുകളിൽ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിനാണ് വ്യാഴാഴ്ച മുതൽ ഇന്ത്യൻ സ്‌കൂൾ തുടക്കമിടുന്നതെന്ന് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അറിയിച്ചു. വിവിധ ക്‌ളാസുകളിലെ ഫുൾ സെറ്റ് പാഠപുസ്തകങ്ങൾക്ക് ഓർഡർ നൽകിയവർക്കുള്ള പുസ്തകവിതരണമാണ് ആദ്യം തുടങ്ങുകയെങ്കിലും ഭാഗികമായി പുസ്തകങ്ങൾ ആവശ്യമുള്ളവർക്കും വിതരണം ക്രമീകരിക്കും . ബഹ്‌റൈനിൽ പുസ്തകവിതരണത്തിനായി മാധ്യമം ദിനപത്രത്തിന്റെ വിതരണ വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാധ്യമം ദിനപത്രത്തെ കൂടാതെ മറ്റു ചില വിതരണ ഏജൻസികളും സഹായം നൽകും. 12500 വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ, റിഫ കാമ്പസുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾക്കു യഥാസമയം ഓർഡർ നൽകിയിരുന്നെങ്കിലും ചില പുസ്തകങ്ങൾ കോവിഡ് ലോക്ക് ഡൗൺ കാരണം ഇപ്പോഴും മുംബൈയിലും ദുബായിലും തുടർ നടപടികൾ കാത്തുകിടപ്പാണ്. മാർച്ച് 31നു എത്തേണ്ടിയിരുന്ന പുസ്തകങ്ങളിൽ ചിലതാണ് ഇപ്രകാരം കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ കെട്ടിക്കിടക്കുന്നത്. പുതിയ അധ്യയന വർഷത്തിലെ സിബിഎസ് ഇ പത്തും പന്ത്രണ്ടും ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് പുസ്തക വിതരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്.രണ്ടാഴ്ച കൊണ്ട് എല്ലാ ക്ളാസുകളിലെയും പുസ്തക വിതരണം പൂർത്തിയാക്കാനാണ് സ്‌കൂൾ ലക്ഷ്യമിടുന്നത്. ഇതിനകം മൈക്രോസോഫ്ട് ടീംസ് ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ക്‌ളാസുകൾ വളരെ സജീവമായി നടന്നുവരികയാണെന്നു ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. രക്ഷിതാക്കളുടെ സൗകര്യം മാനിച്ച് പുസ്തകത്തിന്റെ തുക ബിഎഫ് സി / എൻ ഇ സി എക്സ്ചേഞ്ച്കൾ വഴി അടക്കാനുള്ള തിയ്യതി ഏപ്രിൽ 30 വരെ നീട്ടി നൽകിയിരുന്നു. ടെക്സ്റ്റ് ബുക്ക് കൂടാതെ സ്റ്റേഷനറി സാധനങ്ങളും ലഭ്യമാക്കും. വിതരണത്തിനുള്ള പുസ്തകങ്ങൾ തരംതിരിച്ചു ഇന്ത്യൻ സ്‌കൂളിന്റെ ഇസാ ടൗൺ , റിഫ കാമ്പസുകളിൽ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ നിന്നാണു ഏജൻസികൾ മുഖേന പുസ്തക വിതരണം ആരംഭിക്കുക. വിദ്യാർത്ഥികളുടെ മേൽവിലാസവും ബന്ധപ്പെടാനുള്ള നമ്പറുകളും നേരത്തെ ഗൂഗിൾ ഫോം മുഖേന സ്വീകരിച്ചിരുന്നു. ഈ അധ്യയന വർഷം മുതൽ ചില ക്‌ളാസുകളിലെ പാഠ പുസ്തകങ്ങൾ മാറിയിട്ടുണ്ട്. പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പി എൻ സി ഈ ആർ ടി വെബ്‌സൈറ്റിലും ഇന്ത്യൻ സ്‌കൂൾ പേരന്റ്സ് പോർട്ടലിലും ലഭ്യമാണ്. ഓൺലൈൻ ക്‌ളാസുകൾ നടത്തുമ്പോൾ പാഠ പുസ്തകങ്ങളുടെ പ്രസക്തമായ ഭാഗങ്ങൾ നൽകിയാണ് അധ്യയനം നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി ഇന്ത്യൻ സ്‌കൂൾ വളരെ ഫലപ്രദമായി ഓൺലൈൻ ക്‌ളാസുകൾ നടത്തിവരികയാണെന്നും സ്‌കൂൾ സംബന്ധമായ വിവരങ്ങൾ പേരന്റ്സ് പോർട്ടലിലൂടെ യഥാസമയം രക്ഷിതാക്കൾക്ക് നൽകുമെന്നും ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി,റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ അറിയിച്ചു.