മനാമ: പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് നിയമ വിരുദ്ധ പണമിടപാടുകളിലൂടെ മലയാളികളുൾപ്പെടെയുള്ള പലിശ സംഘം ബഹ്‌റൈനിൽ നടത്തി കൊണ്ടിരിക്കുന്ന ക്രൂരതകൾക്കെതിരെ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പലിശ വിരുദ്ധ സമിതി നിവേദനം നൽകി. ഹ്രസ്വ സന്ദർശനാർത്ഥം ബഹറൈനിൽ എത്തിയതായിരുന്നു അദ്ദേഹം.
പ്രവാസികളുടെ കയ്യിൽ നിന്നും ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രങ്ങളും, ബ്ലാങ്ക് ചെക്ക് ബുക്കുകളും കൈക്കലാക്കി പലിശയും കൂട്ടു പലിശയും ചേർത്ത് നാട്ടിലെ കിടപ്പാടവും ഭൂമിയും പണവും കൈക്കലാക്കുന്ന സംഭവങ്ങൾ പലിശക്കാരുടെ വിശദീകരണ സഹിതം പലിശ വിരുദ്ധ സമിതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ മന്ത്രി റോഷി അഗസ്റ്റിൻ നാട്ടിൽ ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പലിശ വിരുദ്ധ സമിതിക്ക് ഉറപ്പ് നൽകി.
പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങലിനോടൊപ്പം ഉപദേശക സമിതി അംഗവും കേരള സമാജം പ്രസിഡൻ്റുമായ പി. വി. രാധാകൃഷ്ണ പിള്ള, പലിശ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി ദിജീഷ്, എക്സിക്യട്ടീവ് അംഗം ഷാജി മൂതല എന്നിവരും പങ്കെടുത്തു.