റെക്കോർഡ് തുകക്ക്(ഒരു വരിക്ക ചക്കയും രണ്ടു കൊട്ട മാങ്ങയും) മസ്കറ്റിൽ ലേലം ഉറപ്പിച്ചു

മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ഒരുക്കിയ മഹർജാൻ ചാവക്കാട് 2024 വിഷു ഈദ് ഈസ്റ്റർ മെഗാ ഉത്സവത്തിലാണ് 16കിലോ തൂക്കമുള്ള ഒരു വരിക്ക ചക്കയും രണ്ട് കൊട്ട മാങ്ങയും ആവേശകരമായ ലേലം ഉറപ്പിച്ചത്. മുക്കാൽ ലക്ഷത്തിനടുത്ത് ഇന്ത്യൻ രൂപക്ക് ഒരു ചക്ക ലേലം പോയത്. ഷഹീർ ഇത്തിക്കാടാണ് മകൾ നൗറീൻ ഷഹീറിന്റെ ആഗ്രഹം നിറവേറ്റാൻ ചക്ക ലേലത്തിൽ പിടിച്ചത്.ചക്കയും മാങ്ങയും പ്രവാസികൾക്ക് ഒരു ഹരം തന്നെയാണ് എന്നാൽ ഗൾഫ് നാടുകളിൽ ഇത്രയും വലിയ റെക്കോർഡ് തുകയ്ക്ക് ചക്കയും മാങ്ങയും ലേലം ഉറപ്പിച്ചുകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ.ഒരു ചക്ക ലേലം വിളിച്ചെടുത്തത് 335 ഒമാനിൽ റിയാലിന് ആണെന്ന് പറയുമ്പോൾ ആരും അതിശയപ്പെട്ടുപോകും. ആ തുകക്ക് മസ്കറ്റിൽ നിന്നും നാട്ടിൽ പോയി തിരികെ ചക്കയുമായി തിയേറിച്ച് വന്നാലും ബാക്കി തുക കൈയിലുണ്ടാകും എന്നൊന്നും ആരും പറഞ്ഞേക്കരുത്. കാരണം ഇത് ലേലം വിളിയുടെ ആവേശമാണ്. പത്ത് ഒമാനി റിയാൽ അടിസ്ഥാനവില നിശ്ചയിച്ചാണ് ആവേശത്തോടെ ചക്ക ലേലം വിളിച്ച് തുടങ്ങിയത്. ആവേശം മൂത്തപ്പോൾ ഒരു നാടൻ വരിക്ക ചക്കയുടെ വിലയങ്ങു കേറി. ഏകദേശം എഴുപത്തിരണ്ടായിരം ഇന്ത്യൻ രൂപയായി നാടൻ ചക്കയുടെ വില. കൂട്ടയ്മയിലെ ഒരംഗം നാട്ടിൽ പോയപ്പോൾ കൊണ്ടുവന്ന നാടൻ വരിക്ക ചക്കയാണ് ലേലം വിളിക്കു വച്ചതു. പലരും ചക്ക സ്വന്തമാക്കാൻ ആവേശത്തോടെ ലേലം വിളിച്ചു. നൂറു ഒമാനി റിയലിനപ്പുറം ലേലം വിളി കടക്കില്ലെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. പ്രതീക്ഷകളെ ആസ്ഥാനത്താക്കി 335 ഒമാനി റിയാലിൽ എത്തി ലേലം ഉറപ്പിച്ചു.