മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയദിനാഘോഷ പരിപാടികൾ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത നാളെ വൈകിട്ട് 7 മണിക്ക് ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രന്റ്സ് സംഘടിപ്പിക്കുന്ന സുപ്രധാനമായ പരിപാടിയായ “ഇൻസ്പയർ” ഇൻഡോ – അറബ് കൾച്ചറൽ എക്സിബിഷന്റെ ഔപചാരികമായ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. അറിവിന്റെയും വിനോദത്തിന്റെയും ഉത്സവ കാഴ്ചകളാണ് എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്. സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ പ്രത്യേകം തയാറാക്കിയ വിശാലമായ പവലിയനിൽ ബഹ്റൈൻ – അറബ് സാംസ്കാരിക തനിമയെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ഇതിലൂടെ പവിഴദ്വീപിനെ കുറിച്ചും അതിന്റെ സാംസ്കാരികത്തനിമയെ കുറിച്ചും ആഴത്തിൽ മനസിലാക്കാൻ സാധിക്കും.ബഹ്റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്റാനിയുടെ രക്ഷാധികാരത്തിൽ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന എക്സിബിഷനിൽ വിവിധ വിഷയങ്ങളിലുള്ള മുപ്പതോളം സ്റ്റാളുകളാണ് ഒരുക്കുക. ത്രിമാന രൂപത്തിലുള്ള മോഡലുകൾ, മൾട്ടിമീഡിയ പ്രസന്റേഷനുകൾ, വിർച്വൽ റിയാലിറ്റി ഡിസ്പ്ലെ, കാർട്ടൂൺ, കാരിക്കേച്ചറുകൾ, പെയിന്റിങ്ങുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന സ്റ്റാളുകൾ ജനങ്ങൾക്ക് കാഴ്ചയുടെ പുത്തൻ അനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 11 വരെയാണ് എക്സിബിഷൻ പ്രവർത്തിക്കുക.എക്സിബിഷൻ ദിവസങ്ങളിൽ വിവിധ മൾട്ടി സ്പെഷ്യലിസ്റ്റുകൾ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കായുള്ള രസകരകമായ കളിമൂലകൾ, നാടൻ വിഭവങ്ങളുൾപ്പെടെയുള്ള ഭക്ഷ്യമേള, ബഹ്റൈനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാആവിഷ്കാരങ്ങൾ, പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങൾ, കവിയരങ്ങ്, ചർച്ചാ സദസുകൾ എന്നിവയും നടക്കും. കോൺവെക്സ് ഇവന്റ് മാനേജ്മെന്റുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും.ഉദ്ഘാടനപരിപാടിയിൽ ബഹ്റൈൻ പാർലമെന്റ് ഉപാധ്യക്ഷന് പുറമെ എം.പി.മാർ, കാപിറ്റൽ ചാരിറ്റി അസോസിയേഷൻ ഭാരവാഹികൾ, ബഹ്റൈനിലെ സംഘടനാ നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി എം.അബ്ബാസ് അറിയിച്ചു.