ബഹ്റൈൻ : പ്രതിഭ സമാഹരിച്ച വിദ്യകിരണം ഫണ്ട് കൈമാറി
കേരളത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ കേരള സർക്കാർ ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലേക്ക് ബഹ്റൈൻ പ്രതിഭ സമാഹരിച്ച തുക കൈമാറി.ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം മഹേഷ് യോഗീദാസൻ, പ്രതിഭ ജോയിൻ്റ് സെക്രട്ടറി ജി. ബിനു , വനിതാ വേദി എക്സിക്യൂട്ടീവ് അംഗം രശ്മി രാമചന്ദ്രൻ എന്നിവർ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നേരിട്ട് പ്രതിഭ പ്രവർത്തകർ സമാഹരിച്ച മൂന്നുലക്ഷത്തി എഴുപത്തിയയ്യായിരം രൂപയുടെ ചെക്ക് കൈമാറി.
തുടർന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജിചെറിയാനെയും സന്ദർശിച്ചാണ് പ്രതിഭ പ്രതിനിധികൾ മടങ്ങിയത്.’ഓണമധുരം 2021 ഈ ഓണം കുരുന്നുകൾക്കൊപ്പം’ എന്ന പേരിൽ ഉത്രാട ദിനത്തിൽ പായസവിതരണം നടത്തി പ്രതിഭ പ്രവർത്തകർ പഠനോപകരണ സമാഹരണ ക്യാംപെയ്ൻ നടത്തിയിരുന്നു.ഈ ഉദ്യമം വിജയിപ്പിക്കാൻ സഹകരിച്ച മുഴുവൻപേരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി എൻവി ലിവിൻ കുമാറും പ്രസിഡണ്ട് കെഎം സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.