മനാമ : രണ്ട് ദിവസമായി ബഹ്റൈൻ – കേരള സാംസ്ക്കാരിക വിനിമയം എന്ന ആശയം മുൻ നിർത്തി കൊണ്ട് ബഹ്റൈൻ പ്രതിഭ നടത്തിയ പാലം – The Bridge ബഹ്റൈൻ പ്രവാസ ലോകത്ത് പുതു ചരിത്രം രചിച്ച് കൊണ്ട് സമാപിച്ചു.
സമാപന സമ്മേളനം കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ : എം.ബി.രാജേഷ് ഉത്ഘാടനം ചെയ്തു. ഏകത്വം എന്ന പുതിയ കാലത്തിന്റെ ആക്രോശങ്ങളിൽ നിന്നും മാറി നാനാത്വത്തിൽ ഏകത്വം എന്ന ആശയ പരിസരത്തിലൂടെ സഞ്ചരിക്കാനായി സംസ്ക്കാരങ്ങൾ തമ്മിലുള്ള പാലം തീർക്കാനുള്ള പ്രതിഭയുടെ ഉദ്യമം അങ്ങേയറ്റം ശ്ലാഘീനിയമാണ്.
പ്രവാസികളായ കേരളീയ വാദ്യ കലാകാരൻമാർ തീർത്ത താളവാദ്യമായ പഞ്ചാരി മേളത്തിലൂടെ സാംസ്ക്കരിക വിനിമയത്തിന് തുടക്കമിടുകയും തദ്ദേശവാസികൾ അവതരിപ്പിച്ച അറബിക് സംഗീതത്തോടു കൂടി പാലം The Bridge അവസാനിപ്പിക്കുകയും ചെയ്യുമ്പോൾ തീർച്ചയായും പ്രതിഭ സംഘടകരുടെ ലക്ഷ്യം പൂവണിയുകയാണെന്ന് ഉത്ഘാടന പ്രസംഗത്തിൽ മന്ത്രി എം.ബി.രാജേഷ് ചൂണ്ടികാണിച്ചു.
സൂഫി സംഗീതവും നാടൻ പാട്ടും കോർത്തിണക്കിയത് കേൾക്കാൻ അഭൂത പൂർവ്വമായി ഒഴുകിയെത്തിയ ജനതതിയെ കാണുമ്പോൾ ഏകത്വ അജണ്ടക്കാരായവരോട് പറയാൻ തോന്നുന്നത് നിങ്ങളുടെ അപകടകരമായ രാഷ്ട്രീയം ജർമനിയിൽ തകർന്ന പോലെ മറ്റിടത്തും തകർന്നു പോകും എന്നാണ്. സംസ്ക്കാരങ്ങളും മറ്റിതര ഭരണങ്ങളും തകർക്കാൻ നിങ്ങൾ നടത്തുന്ന ഗൂഢശ്രമങ്ങളെ ജനം തിരിച്ചറിഞ്ഞ് തള്ളിക്കളയും. തദ്ദേശ ഭരണ വകുപ്പിൽ നടമാടുന്ന പ്രവാസികൾ അടക്കമുളളവരെ ബുദ്ധിമുട്ടിക്കുന്ന കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് ജനോപകാരപ്രദമായ പുതിയ ഭേദഗതി അടുത്ത് ചേരാൻ പോകുന്ന സഭ സമ്മേളനത്തിൽ കൊണ്ടു വരും. സഭ പാസ്സാക്കിയാലും ജനോപകാരപ്രദമായ ആ നിയമം പ്രാബല്യത്തിൽ എത്താൻ ഏകത്വ അജണ്ടയുടെ ഒരു ഒപ്പ് കൂടി ബാക്കിയുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
സാംസ്ക്കാരിക സമാപന സമ്മേളനത്തിൽ പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ മുഖ്യ രക്ഷാധികാരിയും സംഘാടക സമിതി ചെയർമാനുമായ പി. ശ്രീജിത് നാടക – സാംസ്കാരിക പ്രവർത്തകൻ ഡോ: സാംകുട്ടി പട്ടം കരി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പാലം – The Bridge ജനറൽ കൺവീനർ സുബൈർ കണ്ണൂർ നന്ദി പ്രകാശിപ്പിച്ചു.
സമാജം ചരിത്രത്തിലെ അഭൂത പൂർവ്വമായ ജനക്കൂട്ടത്തെ സാക്ഷി നിർത്തി കടുവ ഫെയിം അതുൽ നറുകര, പ്രസീത ചാലക്കുടി എന്നിവരുടെ നേതൃത്വത്തിൽ ബഹ്റൈനിൽ നിന്നുള്ള സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ പിന്തുണയിൽ അവതരിപ്പിച്ച കോമ്പോ സംഗീത വിരുന്ന് അവിസ്മരണീയ പരിപാടിയായി മാറി.