കെ ആർ ഗൗരിയമ്മയുടെ വിയോഗം കേരളത്തിന്റെ തീരാ നഷ്ടം. – ബഹ്‌റൈൻ പ്രതിഭ

ബഹ്‌റൈൻ : കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന് സുപ്രധാന പങ്കുവഹിച്ച ധീരവനിതയെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ബഹ്‌റൈൻ പ്രതിഭ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ ഇടപെടലുകൾ നടത്തി സമാനതകളില്ലാത്ത പങ്കുവഹിച്ച വ്യക്തിയാണ് ഗൗരിയമ്മ.ആധുനിക കേരളത്തിൻറെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്.

ദേശീയ സ്വാതന്ത്ര്യ സമരരംഗത്തു വലിയ പങ്കുവഹിച്ച ഗൗരിയമ്മ സർ സിപിയുടെ കാലത്തും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും പോലീസിന്റെ ക്രൂരമായ മർദ്ദനത്തിനും അടിമച്ചർത്തലിനും വിധേയയായി അതിനെയെല്ലാം സധൈര്യം നേരിട്ട് അതിജീവിച്ചു കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായി നിറഞ്ഞു നിന്ന് തിരു-കൊച്ചി നിയമസഭയിലും അംഗമായ ഗൗരിയമ്മ പിന്നീട് കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള നിയമസഭകളിലും അംഗമായി. ആദ്യ കേരള മന്ത്രിസഭയിലും പിന്നീട് പലതവണയായി വിവിധ വകുപ്പുകളിലും മന്ത്രിയായി മികച്ച സേവനം അനുഷ്ഠിക്കാൻ ഗൗരിയമ്മക്കായി.

സ്ത്രീകൾ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് അധികം കടന്നു വരാതിരുന്ന കാലത്തു നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയ ഗൗരിയമ്മ ജനങ്ങളിലേക്കിറങ്ങി അവർക്കു വേണ്ടി പ്രവർത്തിക്കാൻ തൻ്റെ ജീവിതം മാറ്റിവെക്കുകയായിരുന്നു. കേരള കാർഷിക പരിഷ്കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന് നിദാനമായ ബില്ലുകളുടെ നിയമമാക്കലില്‍ ശ്രദ്ധേയമായ പങ്കുവഹിക്കാൻ ഗൗരിയമ്മയ്ക്ക് സാധിച്ചു.

അസാമാന്യമായ ത്യാഗവും ധീരതയും പോരാട്ടവും നിറഞ്ഞ തൻ്റെ ജീവിതത്തിലൂടെ കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങൾക്കും പൊതുസമൂഹത്തിനും ഗൗരിയമ്മ നൽകിയ സംഭാവന കേരളജനത എക്കാലവും ഓർമ്മിക്കുമെന്നും ഗൗരിയമ്മയുടെ വിയോഗത്തിൽ ബഹ്റൈൻപ്രതിഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ , പ്രസിഡണ്ട് കെ.എം. സതീഷ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.