ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് സൗദിയിലെത്തും

ജിദ്ദ: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം തീര്‍ഥാടകരുമായി ഈ മാസം 21ന്സൗദിയിലെത്തും. ജൂണ്‍ 22 വരെയാണ് വിദേശ തീര്‍ഥാടകരുടെ വരവ് തുടരും. ഓഗസ്റ്റ് രണ്ടോടുകൂടി മുഴുവൻ ഹാജിമാരും സൗദിയിൽ നിന്ന് മടങ്ങും. അതേസമയം വിദേശങ്ങളില്‍നിന്ന് തീര്‍ഥാടകരുമായി എത്തുന്ന വിമാനങ്ങള്‍ ഹാജിമാരെ ഇറക്കിയതിനുശേഷം രണ്ടു മണിക്കൂറില്‍ കൂടുതല്‍ വിമാനത്താവളത്തില്‍ തങ്ങാന്‍ അനുമതി ഇല്ല . തീര്‍ഥാടകരെ തിരിച്ചു കൊണ്ടുപോകുമ്ബോള്‍ മൂന്നു മണിക്കൂര്‍ വരെ വിമാനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ തങ്ങാം. എന്നാല്‍, നാനൂറോ അതിലധികമോ യാത്രക്കാരെ വഹിക്കുന്ന വിമാനമാണെങ്കില്‍ ഇത് നാലു മണിക്കൂര്‍ വരെ അനുവദിക്കും തുടങ്ങിയ നിർദേശങ്ങളും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികൾക്ക് നൽകിയിട്ടുണ്ട്.
തീര്‍ഥാടകരുടെ മടങ്ങിപ്പോക്ക് ഉറപ്പുവരുത്താന്‍ ദേശീയ, വിദേശ വിമാന കമ്ബനികളോട് ബാങ്ക് ഗാരന്റി ആവശ്യപ്പെടാന്‍ അതോറിറ്റിക്ക് അവകാശമുണ്ടായിരിക്കും. തീര്‍ഥാടകരുടെ യാത്ര സംബന്ധിച്ച ഷെഡ്യൂളിന് വിമാനക്കമ്ബനികള്‍ നേരത്തേതന്നെ അതോറിറ്റിയില്‍നിന്ന് അംഗീകാരം വാങ്ങിയിരിക്കണം.