ദുബായ്: യു.എ.ഇ-യില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന മെഗാ വെബ് സീരിസ് മീഡിയ 7-ന്റെ ബാനറില്‍ മുന്നൂറ് എപ്പിസോഡുകളിലായി പൂര്‍ത്തിയാകുന്ന ‘പാത്തു കണ്ട ദുബായ്’ എന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുബായില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ നടനും ഗായകനും സംവിധായകനുമായ നാദിര്‍ഷ പുറത്തിറക്കി.2023 ആഗസ്റ്റ് അവസാനത്തോടെയായിരിക്കും ഈ മെഗാ പരമ്പര നമ്മുടെ സ്വീകരണ മുറികളിലെത്തുക. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ ശ്രദ്ധേയനായ നസീര്‍ വാടാനപ്പള്ളി, മലബാര്‍ ഗോല്‍ഡ് എം.ഡി മുഹമ്മദ് സാലി, പ്രശസ്ത ഗായകന്‍ ആദില്‍ അത്തു, സോഷ്യല്‍ ഇന്‍ഫ്‌ളൂയിന്‍സര്‍ ബന്‍സീര്‍, മാധ്യമ പ്രവര്‍ത്തകന്‍ മുനീര്‍ പാണ്ട്യാല, ഷഫീൽ കണ്ണൂര്‍ തുടങ്ങിയവര്‍ ആശംകള്‍ നേര്‍ന്നു.കൈരളി ടിവിയുടെ കൈരളി വീ, കൈരളി അറേബ്യ, കൈരളി വെബ്‌പോര്‍ട്ടല്‍ എന്നിവയിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്.പോറ്റമ്മയായ യു.എ.ഇ-യുടെ മണ്ണില്‍ നിന്നുകൊണ്ട് പ്രവാസി മലയാളിയുടെ പച്ചയായ ജീവിതം നര്‍മ്മത്തില്‍ ചാലിച്ച് വളരെ ഹൃദ്യമായി പറഞ്ഞുപോകുന്ന വെബ് സീരിസാണ് ‘പാത്തു കണ്ട ദുബായ്’ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ദുബായിലും ഷാർജയിലുമായി പരമ്പരയുടെ ചിത്രീകരണം പുരോഗമിച്ചു വരുകയാണ്. പ്രമുഖ സിനിമ-സീരിയല്‍ സംവിധായകന്‍ ദിലീപ് പൊന്നനാണ് വെബ് സീരിസിന്റെ സംവിധാനവും ഒപ്പം കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. പ്രമുഖ നടന്‍ സാഹില്‍ ഹാരിസ്, സീരിയല്‍ നടി ലക്ഷ്മി, പ്രമുഖ സിനിമ-നാടക നടി സേതുലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ നിസാം കാലിക്കറ്റും പരമ്പരയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. യു.എ.ഇ-യിലെ മാധ്യമ മേഖലയിൽ അടക്കം പ്രവർത്തിക്കുന്ന നിരവധി മലയാളി കലാകാരന്‍മാര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ വെബ് സീരിസിന്റെ ഭാഗമാകുന്നുണ്ട്. ഛായാഗ്രാഹകന്‍ മധു ആണ് ഡി.ഒ.പി. അസോസിയേറ്റ് ക്യാമറമാന്‍ ആദി. പ്രാഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീജിത്ത്. മീഡിയ 7-ന്റെ ബാനറില്‍ സിന്ധു & സ്വരൂപ് ആണ് ‘പാത്തു കണ്ട ദുബായ്’ മെഗാ വെബ്‌സീരീസ് നിര്‍മ്മിക്കുന്നത്.
Home GULF United Arab Emirates ‘പാത്തു കണ്ട ദുബായ്’ വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുബായില്‍ പ്രകാശിതമായി.