ഉറങ്ങിക്കിടന്ന ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ് ∙ സൗദിയിൽ ബാലികയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രവാസിയായ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. ഇത്യോപ്യ സ്വദേശിനിയായ യുവതിയുടെ വധശിക്ഷയാണു ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയത്.

പന്ത്രണ്ടുകാരി നവാല്‍ ബിന്‍ത് സൗദ് അല്‍ബൈശി എന്ന ബാലികയെയാണ് ഉറങ്ങിക്കിടക്കവെ ഫാതിമ മുഹമ്മദ് അസ്ഫാവു എന്ന വീട്ടുജോലിക്കാരി ശരീരമാസകലം കുത്തിപ്പരുക്കേൽപ്പിച്ച് കൊലപ്പെടുത്തിയത്. റിയാദിൽ ഇന്നലെ രാവിലെ 9.10നാണ് വധശിക്ഷ നടപ്പാക്കിയത്.

നാലു വർഷം മുമ്പാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് ജോലിക്കാരി നവാലിനെ 14 പ്രാവശ്യം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മകളെ കൊന്നതിന് തക്ക ശിക്ഷ ലഭിക്കാന്‍ താന്‍ കോടതികള്‍ കയറിയിറങ്ങിയെന്ന് നവാലിന്റെ മാതാവ് നൗഫ് പറഞ്ഞു.