മനാമ : ബഹ്റിനിൽ കഴിയുന്ന ഇന്ത്യൻ സമൂഹം നേരിടുന്ന തൊഴിൽ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കണ്ടെത്തുന്നതിനായി എല്ലാമാസവും അവസാനത്തെ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഇന്ത്യൻ എംബസി ഓപൺ ഹൗസ് നടന്നു . അംബാസഡർ വിനോദ് കെ. ജേക്കബ് നേതൃത്വം നൽകിയ ഓപ്പൺ ഹൗസ്സിൽ എംബസിയുടെ കോൺസുലാർ സംഘവും അഭിഭാഷക സമിതിയും എഴുപതിലധികം ഇന്ത്യൻ പൗരന്മാരും പങ്കെടുത്തു. വീട്ടുജോലിക്കാർ ഉൾപ്പെടെ ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് താമസസൗകര്യവും എമർജൻസി സർട്ടിഫിക്കറ്റുകളും ടിക്കറ്റുകളും ഐ.സി.ഡബ്ല്യു.എഫിലൂടെ എംബസി നൽകിയിട്ടുണ്ട്. ഓപൺ ഹൗസിൽ പങ്കെടുത്തവർ ഉന്നയിച്ച പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടതായും മറ്റുള്ളവ എത്രയും വേഗം പരിഹാരം കണ്ടെത്തുമെന്നും ഓപൺ ഹൗസിൽ പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കും നന്ദി പറയുന്നതായും അംബാസഡർ അറിയിച്ചു . ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് സംഘടിപ്പിച്ച 32ാമത് ബഹ്റൈൻ ഇന്റർനാഷനൽ മ്യൂസിക്കൽ ഫെസ്റ്റിവലിനെക്കുറിച്ച് അംബാസഡർ സംസാരിച്ചു . സംഗീത പരിപാടിയിൽ ഇന്ത്യൻ, ബഹ്റൈൻ കമ്യൂണിറ്റി അംഗങ്ങളുടെ വലിയ പ്രാതിനിധ്യമുണ്ടായത് സന്തോഷകരമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉറച്ച ബന്ധത്തിന്റെ സൂചകമാണിതെന്നും അദ്ദേഹം പറഞ്ഞു.പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതിൽ ബഹ്റൈൻ സർക്കാറിന്റെയും ഭരണാധികാരികളുടെയും തുടർച്ചയായ പിന്തുണക്കും സഹകരണത്തിനും അംബാസഡർ നന്ദി അറിയിച്ചു . എംബസിയും സർക്കാർ അതോറിറ്റികളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം ഓപ്പൺ ഹൗസ്സിൽ വ്യക്തമാക്കി.