ഇന്ത്യന്‍ എംബസി നോര്‍ക്കയുമായി സഹകരിച്ച് വിർച്വൽ മീറ്റ് സംഘടിപ്പിച്ചു

കുവൈറ്റ് : ഇന്ത്യന്‍ എംബസി നോര്‍ക്കയുമായി സഹകരിച്ച് വിർച്വൽ മീറ്റ് സംഘടിപ്പിച്ചു. സ്ഥാനപതി സിബി ജോര്‍ജ്, എംബസിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, നോര്‍ക്ക & ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, നോര്‍ക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനങ്ങളുമായി എംബസികളുടെ സഹകരണം ശക്തമാക്കുന്നതിനുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി എംബസി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍ സ്ഥാനപതി വിശദീകരിച്ചു. ഓപ്പണ്‍ ഹൗസ് യോഗങ്ങള്‍, രജിസ്‌ട്രേഷന്‍ ഡ്രൈവുകള്‍, കോണ്‍സുലര്‍ സര്‍വീസ് ഫീഡ്ബാക്ക് മെക്കാനിസം, ഗാര്‍ഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് അടുത്തിടെ ധാരണാപത്രം ഒപ്പുവച്ചത്, കേരളത്തിലുള്ള പ്രവാസികളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍, ബിസിനസ്, ഇന്‍വെസ്റ്റ്‌മെന്റ്, ടൂറിസം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് യോഗത്തില്‍ പ്രതിപാദിച്ചു.