മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് 2024-ലെ വാർഷിക ദിനം വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധ തലങ്ങളിൽ മികവ് തെളിയിച്ച മുന്നൂറോളവും വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ലൈസൻസിങ് ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ ലുൽവ ഗസ്സൻ അൽ മുഹന്ന മുഖ്യാഥിതിയായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല , പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു. പ്രിൻസിപ് പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ റിഫ കാമ്പസ് കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്ന സ്‌കൂളിലെ അർപ്പണബോധമുള്ള അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. മുഖ്യാതിഥി ലുൽവ ഗസ്സൻ അൽ മുഹന്നയെ അനുമോദന സൂചകമായി മെമന്റോ നൽകി ആദരിച്ചു. പ്രസംഗം, കഥപറച്ചിൽ തുടങ്ങി വിവിധ പരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 300 ഓളം വിദ്യാർത്ഥികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പ്രൈമറി വിദ്യാർത്ഥികളുടെ നൃത്ത പരിപാടികൾ കാണികളുടെ മനം കവർന്നു . നേരത്തെ സ്‌കൂൾ ബാൻഡ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവയുടെ അകമ്പടിയോടെ മുഖ്യാതിഥിയെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ഡിജിറ്റൽ ഡിസ്‌പ്ലേകളും ബാനറുകളും കൊണ്ട് സ്‌കൂൾ മനോഹരമായി അലങ്കരിച്ചിരുന്നു. വാർഷിക ദിനാചരണത്തിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും ഹെഡ് ബോയ് റെയ്‌ഹാൻ തോമസ് മാത്യു, ഹെഡ് ഗേൾ സെറാ കിഷോർ എന്നിവർ നന്ദി പ്രകാശിപ്പിച്ചു. ആലിയ ഷാനവാസ്, ആമില ഷാനവാസ്, ദേവൻ ജാംഗീർ, അഭിമന്യു മിഥുൻ എന്നിവർ അവതാരകരായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ വിവിധ തലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളെയും മികവുറ്റ രീതിയിൽ പരിപാടി സംഘടിപ്പിച്ച അധ്യാപകരെയും അഭിനന്ദിച്ചു.