മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2022-2023 വർഷത്തെ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണചടങ്ങ് 2023 മാർച്ച് 17 വെള്ളിയാഴ്ച വൈകിട്ട് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ മുൻ കേരള ആരോഗ്യ, റവന്യൂ മന്ത്രിയും ആറ്റിങ്ങൽ എം.പിയുമായ ശ്രീ. അടൂർ പ്രകാശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സോപാനം വാദ്യകലാസംഘത്തിലെ അമ്പതിൽപരം കലാകാരൻമാരുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി,ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ വിവിധ ഏരിയയൂണിറ്റുകളുടെയും സഹോദര സംഘടനകളുടെയും നേതൃത്വത്തിൽ പ്രൗഡോജ്ജ്വലവും ആശയസമ്പുഷ്ടവുമായ വൈവിധ്യമാർന്ന പ്ലോട്ടുകളുടെ അകമ്പടിയോടെയുള്ള വർണ്ണാഭമായ ഘോഷയാത്രയോടുകൂടിയായിരുന്നു “ഗുരുദീപം 2023 “എന്ന ഈ മെഗാ പരിപാടിയുടെ തുടക്കം. തുടർന്ന് സ്ത്രീകളും കുട്ടികളും അടക്കം 108 പേർ ചേർന്ന് നടത്തിയ ദൈവദശക ആലാപനം സദസ്സിനെ ഭക്തിസാന്ദ്രമാക്കി. ശേഷം എസ് എൻ സി എസിലെ യുവകലാകാരികൾ അവതരിപ്പിച്ച പൂജാനൃത്തം വേദിയിൽ അരങ്ങേറി.
പ്രവാസി ഭാരതീയ പുരസ്കാര സമ്മാൻ ജേതാവായ കെ.ജി ബാബുരാജ് രക്ഷാധികാരിയായ ചടങ്ങിൽ ഇന്ത്യൻ ലോകസഭാംഗം അടൂർ പ്രകാശ് മുഖ്യാതിഥിയായും , ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ. രാവിശങ്കർ ശുക്ലയും മുൻ എം എൽ എയും മികച്ച വാക്മിയുമായ Adv. കെ എൻ എ ഖാദറും വിശിഷ്ടാതിഥികളായും പങ്കെടുത്തു. പ്രത്യേകം ക്ഷണിക്കപ്പെട്ട ബഹ്റൈനിലെ വിശിഷ്ട വ്യക്തിത്ത്വങ്ങളും സംഘടന പ്രതിനിധികളും വേദിയിലും സദസ്സിലും സന്നിഹിതരായിരുന്നു.എസ് എൻ സി എസ് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ചെയർമാൻ ശ്രീ. സുനിഷ് സുശീലൻ അധ്യക്ഷപ്രസംഗം നടത്തി. മുഖ്യാതിഥി ശ്രീ. അടൂർ പ്രകാശ് M P-യുടെ ഉത്ഘാടനത്തിന് ശേഷം നിലവിലെ SNCS കമ്മിറ്റി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ്, പേട്രൺ ശ്രീ. കെ ജി ബാബുരാജും ചെയർമാൻ ശ്രീ സുനീഷ് സുശീലനും ചേർന്ന് നിർവഹിച്ചു.
ഉത്ഘാടകനും പ്രത്യേകം ക്ഷണിക്കപ്പെട്ട ബഹ്റൈനിലെ വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങിന് ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. മുൻ MLA-യും മികച്ച വാഗ്മിയുമായ Adv. കെ എൻ എ ഖാദർ ഗുരുവിന്റെ മഹിമയും സനാതന സംസ്കാരവും പകർന്നു തരുന്ന വിജ്ഞാനപ്രദവും പ്രാഢശംഭീരവുമായ ആശംസ പ്രസംഗം നടത്തി സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി.
ശേഷം വേദിയിൽ ബഹ്റൈൻ പൊതുസമൂഹത്തിൽ നൽകിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളെ മാനിച്ച് വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും ഗുരുനാമത്തിൽ ആദരിക്കുകയുണ്ടായി. ബഹ്‌റൈൻ പൊതുസമൂഹത്തിനു നൽകുന്ന സംഭാവനകളെ മാനിച്ചു മെഗാമാർട്ടിനു ” ഗുരുസ്മൃതി” അവാർഡ് GM അനിൽ നവാനിയും, ആതുര സേവന രംഗത്ത് അൽഹിലാൽ ഹോസ്പ്പിറ്റൽ നൽകുന്ന മികവുറ്റ പ്രവർത്തനങ്ങൾക്ക് ” ഗുരുസാന്ത്വനം”അവാർഡ് CEO Dr. ശരത് ചന്ദ്രനും ഏറ്റുവാങ്ങി. മാസ്റ്റർകാർഡ് കൺട്രി ഹെഡ് ആയ ശ്രീ. വിഷ്ണു പിള്ളക്ക് “ഗുരുസമക്ഷം” അവാർഡ്, മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്ക് IMAC BMC MD ശ്രീ. ഫ്രാൻസിസ് കൈതാരത്തിന് “ഗുരുസേവ” അവാർഡ്, കർണ്ണാടക സർക്കാരിന്റെ മാനവിക സേവയെ മുൻനിർത്തി ആദരിക്കപ്പെട്ട ശ്രീ. രാജ്കുമാർ ഭാസ്ക്കറിനു ” ഗുരുകൃപ” അവാർഡ് എന്നീ പുരസ്‌കാരങ്ങളും നൽകി ആദരിച്ചു. തുടർന്നുള്ള ചടങ്ങിൽ എസ് എൻ സി എസി ന്റെ കഴിഞ്ഞ രണ്ട് ഘട്ടത്തിലെ കമ്മറ്റി അംഗങ്ങളുടെ നിസ്വാർത്ഥ സേവനത്തിന് മെമെന്റോകൾ നൽകി ആദരിക്കുകയുണ്ടായി. തുടർന്ന് വേദിയിൽ ബഹ്റൈൻ ബില്ലാവാസ് , കലാകേന്ദ്ര എന്നീ സംഘടനകളിലെ കലാകാരികളും,കലാകാരൻമാരും അവതരിപ്പിച്ച മനോഹരമായ നൃത്തവും അരങ്ങേറി. സദസ്സിനെ ഇളക്കിമറിച്ച്, ആവേശം കൊള്ളിച്ച് സെലിബ്രിറ്റിയും പിന്നണി ഗായികയുമായ രഞ്ജിനി ജോസും , ശ്യാംലാലും അവതരിപ്പിച്ച സംഗീതനിശ ഈ മെഗാ പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷക ഘടകം ആയിരുന്നു. ചടങ്ങിൽ മനീഷ സന്തോഷ്, ബിജു എം സതീഷ് എന്നിവർ അവതാരകരായെത്തി.
നീണ്ട ഒരു ഇടവേളക്കു ശേഷം നടത്തപ്പെട്ട ഈ മെഗാ പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തിത്വങ്ങൾക്കും സദസ്സിനും, കുടുംബാംഗങ്ങൾക്കും പരിപാടിക്കു വേണ്ടുന്ന സഹായസഹകരണങ്ങൾ ചെയ്തുതന്ന ഓരോരരുത്തർക്കും എസ് എൻ സി എസ് വൈസ് ചെയർമാൻ ശ്രീ. സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി. ഇതോടെ ഗുരു ദീപം 2023 ആഘോഷങ്ങൾക്ക് തിരശീലയായി.