”ഇരുപത്തിഏഴാം നാളിലെ കൊച്ചു പ്രമാണി ”

പെരുന്നാളിന്റെ ഓർമകൾക്ക് എന്ത് സുഗന്ധമാണ് …

ഇരുപത്തിഏഴാം നാളിലെ കൊച്ചു പ്രമാണി
——————————————
നോമ്പ് കാലത്തെ ഒരു വലിയ ആവേശമാണ് ഇരുപത്തി ഏഴാം നാളിലെ കാശു കൊടുക്കൽ ചടങ്ങ്, കാശു കൊടുക്കാൻ വല്ല്യ ആവേശം ഒന്നുമില്ലെങ്കിലും കാശു വേടിക്കാൻ കുടുംബക്കാരുടെ വീട്ടിൽ എല്ലാം ആവേശത്തോടെ രാവിലെ തന്നെ പോകും .,25 പൈസ മുതൽ 5 രൂപ വരെ കിട്ടാറുണ്ട്, കിട്ടുന്ന പൈസ ഒരു ഡപ്പയിൽ നിക്ഷേപിച്ചു കയ്യിൽ തന്നെ സൂക്ഷിക്കും, അതിൽ നിന്ന് നയാ പൈസ എടുക്കാൻ മാതാ പിതാക്കൾക്ക് പോലും അവകാശം ഉണ്ടാകില്ല, ഓരോ പ്രാവശ്യം തുക കിട്ടുമ്പോഴും മൊത്തം തുക എണ്ണി നോക്കും, എനിക്കും പെങ്ങൾക്കും ഒരേ സംഖ്യ തന്നെ ആയിരിക്കും കിട്ടുക, അതിൽ കുറവ് ഉണ്ടങ്കിൽ ബഹളമായിരിക്കും വീട്ടിൽ, ഡപ്പയിലെ പണം തീരുന്നതു വരെ നാട്ടു പ്രമാണിയെക്കാൾ വലിയ ജാടയായിരിക്കും .. പെരുന്നാളിന് പടക്കം വാങ്ങിക്കാനാണ് ആ പണം ഉപയോഗിക്കുക, അത് കൊണ്ട് തന്നെ ബലിപെരുന്നാളിനെക്കൾ ഇഷ്ടം നോമ്പ് പെരുന്നാളിനോടാണ് , പെങ്ങള്മാർ കരിവളയും കണ്മഷിയും മാലയും ഹെയർ ഓയിൽ, പൌഡർ എല്ലാം വാങ്ങി കൂട്ടും, പെരുന്നാൾ ആകുന്നതിനു മുൻബ് തന്നെ ആഘോഷം അകതാരിൽ നിറഞ്ഞിരിക്കും .. പുതു വസ്ത്രങ്ങൾ നേരത്തെ തന്നെ അടിക്കാൻ കൊടുത്തിട്ടുണ്ടാവും, പിന്നെ ചെരുപ്പ് മുതൽ ടവൽ വരെ എല്ലാം വാങ്ങിയിട്ടുണ്ടാവും, അതെല്ലാം ഇടക്ക് ഇടക്ക് എടുത്തു മണത്തു നോക്കും, ..പെരുന്നാളിന്റെ തലേന്ന് പെങ്ങൾമാർ വളരെ തിരക്കിലായിരിക്കും മൈലാഞ്ചി മുതൽ പെരുന്നാളിന്റെ സദ്യക്കുള്ള പുളിയിഞ്ചു വരെ റെഡി ആക്കണം അതെല്ലാം കഴിഞ്ഞാൽ മൊഞ്ചത്തിൽ മൈലാഞ്ചിയും ഇടണം.. എന്നാൽ നോമ്പായാലും പെരുന്നാൾ ആയാലും അതികം ജോലി ചെയ്യുന്നവർ വീട്ടിലെ ഉമ്മമാരാണ്, പെരുന്നാളിന് അവർക്ക് പുതു വസ്ത്രങ്ങൾ ഒന്നും അതികം കാണില്ല, മക്കളുടെ സന്തോഷമാണ് അവരുടെ പെരുന്നാൾ, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എല്ലാവരും കടൽ കാണാൻ പോകും അപ്പോഴും ഉമ്മ വീട്ടില് തന്നെ കഴിയും ..
സിദ്ധിക്ക് ഏ പി